ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി,​ വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച ശേഷം നരേന്ദ്രമോദി പ്രാർത്ഥനയിൽ പങ്കെടുത്തു. ഇരുപത് മിനിട്ടോളം പള്ളിയിൽ ചെലവഴിച്ച അദ്ദേഹം പുരോഹിതരുമായും വിശ്വാസികളുമായുംസംവദിച്ച ശേഷമാണ് മടങ്ങിയത്.

 

ക്രൈസ്തവ വിഭാഗങ്ങളെ ബി,​ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ എത്തിയത് പ്രാധാന്യം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവും ഈ ദേവാലയം സന്ദർശിച്ചിരുന്നു.

അതേസമയം കേരളത്തിലും ബി,​ജെ.പി നേതാക്കളും പ്രവർത്തകരും സഭാ അദ്ധ്യക്ഷൻമാരെയും വിശ്വാസികളെയും സന്ദർശിച്ച് ഈസ്റ്റർ ആശംസ അറിയിച്ചു. തലശേരി ആ‌ർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ,​ കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അടക്കമുള്ളവരെ ബി.ജെ.പി നേതാക്കൾ കണ്ടു. താമരശേരി ബിഷപ്പിനെ ഇന്നലെ കെ. സുരേന്ദ്രൻ സന്ദർശിച്ചിരുന്നു.

 

സന്ദർശനത്തെ സി.പി.എമ്മും കോൺഗ്രസും വിമർശിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാർ അവരെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സി പി എം പറഞ്ഞു. . ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ബി ജെ പി നേതാക്കളുടെ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ബി,​ജെ,​പി നേതാക്കാളുടേത് ഇരട്ടത്താപ്പും പരിഹാസ്യപരവുമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here