ന്യുഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റഡിംഗ് സ്ഥാപനമായ ബിബിസി ന്യൂസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ്. വിദേശ നാണയ വിനിമയ ചട്ട (ഫെമ) ലംഘനം നടന്നുവെന്ന് കാണിച്ചാണ് കേസ്. ബിബിസിയുടെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് നല്‍കി. ഫെബ്രുവരിയില്‍ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിബിസി വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കുമ്പോള്‍ അതിനനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ല, ബിബിസിയുടെ വരുമാനവും പ്രവര്‍ത്തനവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

 

ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിബിസിയുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇ.ഡി വ്യക്തമാക്കി. ഇടപാടുകളുടെ രേഖകളും സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകളും ഹാജരാക്കണമെന്ന് ഇ.ഡി ബിബിസിയോട് ആവശ്യപ്പെട്ടു.

 

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് നേരത്തെ റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ്, ലാഭം വകമാറ്റല്‍, ചട്ടങ്ങളുമായി പൊതുത്തപ്പെടാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here