ലോവര്‍ മന്‍ഹാട്ടനില്‍ പാര്‍ക്കിംഗ് ഗരാജ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായി അധികൃതര്‍ അറിയിച്ചു. ആന്‍ സ്ട്രീറ്റ് 35-37 ലാണ് ചൊവാഴ്ച പുലര്‍ച്ചെ 4.30നുണ്ടായ അപകടത്തില്‍ ഒട്ടേറെ കാറുകള്‍ ഒന്നിനു മീതെ ഒന്നായി നിലം പൊത്തിയത്. കെട്ടിടം ഇപ്പോള്‍ പൂര്‍ണമായും അപകട നിലയില്‍ ആണെന്നു സംഭവസ്ഥലത്തു എത്തിയ മേയര്‍ എറിക് ആഡംസ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവാഴ്ചത്തെ അപകടം അഞ്ചു നില കെട്ടിടത്തെ പൂര്‍ണമായും ബാധിച്ചു.

പരിശോധന തുടങ്ങിയ ശേഷവും കെട്ടിടഭാഗങ്ങള്‍ അടര്‍ന്നു വീഴുന്നുണ്ട്. പരുക്കേറ്റവരെല്ലാം അപകട സമയത്തു കെട്ടിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ആണ്. എഫ് ഡി എന്‍ വൈ ഡ്രോണുകളെ നിയോഗിച്ചു പരിശോധന നടത്തി. ചില കാറുകള്‍ കെട്ടിടത്തിനുള്ളില്‍ തകര്‍ന്നു കിടപ്പുണ്ടെന്നു അവരുടെ വക്താവ് സ്ഥിരീകരിച്ചു. ആരെയും കാണാതായിട്ടില്ല എന്നാണ് കണക്ക്.

തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2003 മുതല്‍ നിയമലംഘനത്തിന്റെ ചരിത്രം കെട്ടിടത്തിനുണ്ടെന്നു ന്യൂ യോര്‍ക്ക് സിറ്റി കെട്ടിട വകുപ്പ് കമ്മീഷണര്‍ കാസ് വിലന്‍സിക് പറഞ്ഞു. നാലു ലംഘനങ്ങളെങ്കിലും രേഖകളില്‍ ഉണ്ട്. ഒന്നാം നിലയിലെ സ്ലാബില്‍ പൊട്ടല്‍ ഉള്ളതായി 2003ല്‍ തന്നെ കണ്ടെത്തിയിരുന്നു. കെട്ടിടത്തില്‍ താങ്ങില്ലാതെ നില്‍ക്കുന്ന കോണ്‍ക്രീറ്റ് വീഴാന്‍ സാധ്യത ഉണ്ടെന്നു 2009ലും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here