പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പ്രതിപക്ഷ വിമര്‍ശനം തുടരുന്നതിനിടെ ചെങ്കോല്‍ സ്ഥാപിച്ചതിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി. വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു ചെങ്കോല്‍ കൈമാറിയതിന് തെളിവില്ല. എന്നാല്‍ പുരാതന കാലത്തിന്റെ പ്രതീകമെന്ന നിലയില്‍ ചെങ്കോല്‍ ഏറ്റെടുക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

അധികാരത്തിന്റെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ഏതെങ്കിലും രാജാവിന്റെ കൂടെയല്ല. വര്‍ത്തമാനകാല മൂല്യങ്ങള്‍ സ്വീകരിക്കാന്‍ ഭൂതകാലത്തില്‍ നിന്ന് ചെങ്കോല്‍ സ്വീകരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.

സര്‍വമത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിനകത്ത് ചെങ്കോല്‍ സ്ഥാപിച്ചത്. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.

മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here