ന്യൂ യോര്‍ക്ക് പോലീസ് കമ്മീഷണര്‍ കീചാന്ത് സെവെല്‍ രാജിവച്ചു. ഒന്നര വര്‍ഷം മുന്‍പ് സ്ഥാനമേറ്റ ന്യൂ യോര്‍ക്കിന്റെ ആദ്യത്തെ വനിതാ പോലീസ് കമ്മിഷണറാണ് അപ്രതീക്ഷിതമായി രാജി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 1നാണു യുഎസിലെ ഏറ്റവും വലിയ പോലീസ് സേനയുടെ മേധാവിയായി സെവെല്‍ സ്ഥാനമേറ്റത്. പകരം വരുന്നത് ആരെന്നു വ്യക്തമല്ല. ഫസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ എഡ്‌വേഡ് കബന്‍ താത്കാലിക ചുമതല വഹിക്കും.

തിങ്കളാഴ്ച എന്‍ വൈ പി ഡിക്ക് അയച്ച ഇ-മെയിലില്‍ താന്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചുവെന്ന് 51കാരിയായ സെവെല്‍ വ്യക്തമാക്കി. ‘ഞാന്‍ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തില്‍ നമ്മള്‍ കഠിനമായ ദുരന്തങ്ങളും വെല്ലുവിളികളും നേരിട്ടു. നേട്ടങ്ങളും ഉണ്ടായി. എല്ലാം നമ്മള്‍ ഒന്നിച്ചു നിന്നു കൈകാര്യം ചെയ്തു. നിങ്ങളുടെ മനുഷ്യസ്‌നേഹവും ധീരതയും സ്വാര്‍ഥതയുമെല്ലാം ഞാന്‍ ദിവസേന കണ്ടു. നഗരത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം തുടര്‍ന്നും ചെയ്യുക.’ എന്നും മെയിലില്‍ സെവെല്‍ കുറിച്ചു.

അതേസമയം സെവലിന്റെ രാജി സിറ്റി ഹോളിനെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി സെവെലിന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരുന്നതില്‍ അവര്‍ അസ്വസ്ഥയായിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ട്. സേനയില്‍ പ്രൊമോഷന്‍ നല്‍കാനുള്ള കമ്മീഷണറുടെ അധികാരം പോലും മേയറുടെ അനുമതിക്കു വിധേയമായിരുന്നു എന്നും ആരോപണങ്ങളുണ്ട്. കറുത്ത വര്‍ഗക്കാരിയായ സെവെല്‍ പെട്ടെന്നു പിരിയുമ്പോള്‍ അതേ സമൂഹത്തില്‍ നിന്നു വരുന്ന മേയര്‍ എറിക് ആഡംസിനു അത് കനത്ത തിരിച്ചടിയായി. ‘മികച്ച നേതൃത്വമായിരുന്നു അവരുടേത്. ന്യൂ യോര്‍ക്ക് നഗരം സുരക്ഷിതമാക്കുന്നതില്‍ അവര്‍ വലിയ പങ്കു വഹിച്ചു. കമ്മിഷണര്‍ 24 മണിക്കൂറും ജോലി ചെയ്തിരുന്നു. നഗരവാസികള്‍ക്ക് അവരോടു ഏറെ കടപ്പാടുണ്ട്’ എന്നായിരുന്നു രാജിയെക്കുറിച്ച് ആഡംസിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here