ചെന്നൈ :ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ . മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സ്റ്റാലിന്റെ പരസ്യ പ്രതികരണം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. തീവ്രവാദിയോട് എന്നപോലെയാണ് മന്ത്രിയോട് ഇ.ഡി പെരുമാറിയത്. ഡിഎംകെയ്ക്കും രാഷ്ട്രീയറിയാം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സെന്തില്‍ ബാലാജിയെ ഇ.ഡി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമര്‍ശിക്കുന്ന സ്റ്റാലിന്‍ കേസിനെ കുറിച്ച് പ്രതികരിക്കുന്നില്ല. സെന്തില്‍ ബാലാജി എഐഎഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കേയാണ് ആരോപണം വന്നത്. അന്ന് ഡിഎംകെ ശക്തമായ പ്രതിഷേധം സെന്തിലിനെതിരെ നടത്തിയിരുന്നു. സ്റ്റാലിന്റെ അന്നത്തെ പ്രസംഗം ബിജെപി ഇപ്പോള്‍ ആയുധമാക്കുകയാണ്.

അതിനിടെ, സെന്തില്‍ കൈാര്യം ചെയ്തിരുന്ന വൈദ്യുതി-എക്‌സൈസ് വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറി, സെന്തിലിനെ വകുപ്പുകളില്ലാത്ത മന്ത്രിയായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയഇല്‍ ചികിത്സയിലാണ് സെന്തില്‍. അടിയന്തരമായി ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. കോടതി ജാമ്യം നിഷേധിച്ചാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സെന്തില്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ഈ സാഹചര്യത്തിലാണ് വകുപ്പുകള്‍ മറ്റുമന്ത്രിമാര്‍ക്ക് കൈമാറിയത്.

സെന്തില്‍ ബാലാജിയോട് ഇ.ഡി മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കണ്ണദാസന്‍ പറഞ്ഞിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് അറിയിച്ചതിനു ശേഷം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇതിനിടെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി സെന്തിലിനെ വലിച്ചിഴച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്. ഇതിനിടെ ചെവിക്ക് പിന്നിലും തലയിലും പരിക്കേറ്റു. മന്ത്രിക്ക് നേരെ ക്രൂരമായ ഉപദ്രവം ഉണ്ടായെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പറയുന്നൂ. മന്ത്രിക്ക് നേരെ മനുഷ്യാവകാശ ലംഘനമുണ്ടായി എന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെന്തിലിനെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here