അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. ഗുജറാത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് പൂര്‍ണമായും എത്താന്‍ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഇന്ന് അര്‍ധരാത്രി വരെ ചുഴലിക്കാറ്റ് തീവ്രതയോടെ വീശും. കാറ്റഗറി മൂന്നില്‍പെടുന്ന അതി തീവ്ര ചുഴലിക്കാറ്റായി എത്തുന്ന ബിപോര്‍ജോയുടെ സഞ്ചാരപാതയില്‍ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിനായി 18 എന്‍ ഡി ആര്‍ എഫ് ടീമുകളും, മൂന്നു സൈനിക വിഭാഗങ്ങളും സര്‍വ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകള്‍ നാവികസേന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here