ഭോപ്പാല്‍: മദ്യലഹരിയില്‍ യുവാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിനോട് ക്ഷമചോദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കുകയും ബിജെപിക്ക് വലിയ മാനക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്‌ന പരിഹാരത്തിന് ബിജെപി മുഖ്യമന്ത്രി രംഗത്തെത്തുന്നത്. താന്‍ അദ്ദേഹത്തോട് മാപ്പുചോദിച്ചുവെന്നും അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകിയെന്നും അദ്ദേഹം തന്റെ സുഹൃത്താണെന്നും ശിവരാജ് സിംഗ് ട്വീറ്റ് ചെയ്തു.

കരൗണ്ടിയില്‍ നിന്നുള്ള ആദിവാസി യുവാവ് ദസ്മത് റാവത്തി (36)നെയാണ് മുഖ്യമന്ത്രി വസതിയിലേക്ക് വിളിച്ച് ക്ഷമ ചോദിച്ചത്. ദസ്മതുമായി മുഖ്യമന്ത്രി ഏറെ നേരം സംസാരിച്ചു. ജീവിതമാര്‍ഗം ആരായുകയും കുടുംബത്തിനു സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.

ദസ്മതിന്റെ ദുഃഖം താനുമായി പങ്കുവച്ചു. താന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ജനങ്ങളാണ് തന്റെ ദൈവമെന്നും’ ശിവരാജ് സിംഗ് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

സിദ്ധി ജില്ലയില്‍ പ്രവേശ് ശുക്ല എന്ന യുവാവാണ് ദസ്മത് റാവത്തിനു മേല്‍ മൂത്രമൊഴിച്ചത്. നിസ്സഹായനായ ദസ്മത് ഭയപ്പെട്ട് കുനിഞ്ഞിരിക്കുകയും ശുക്ല അദ്ദേഹത്തിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നു ശുക്ല. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശുക്ലയ്‌ക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും രോഷമുയര്‍ന്നു. ബിജെപി സര്‍ക്കാരിന്റെ ദളിതരോടുള്ള പെരുമാറ്റമാണിതെന്നായിരുന്നു പ്രധാന വിമര്‍ശനം.

ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം. ബിജെപി പ്രവര്‍ത്തകനാണ് പ്രതിയായ ശുക്ലയെന്നും ബിജെപി ഭരണത്തില്‍ ആദിവാസികള്‍ക്ക് രക്ഷയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here