ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 2024 ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.

അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

തെരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ചുമതലയുള്ള കേന്ദ്രസേനയുടെ ഭാഗത്തുനിന്ന് വൻ പരാജയമാണ് ഉണ്ടായതെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കാണുകയും വോട്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന് 63,229, പഞ്ചായത്ത് സമിതിക്ക് 9,730, ജില്ലാ പരിഷത്ത് 928 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. ആകെ പോളിംഗ് സ്റ്റേഷനുകൾ 61636 ഉം ആകെ വോട്ടർമാർ 5,67,21,234 ഉം ആണ്. ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ബംഗാളിൽ വ്യാപക അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here