ന്യൂഡൽഹി: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മുങ്ങി താഴ്‌ന്നിരിക്കുകയാണ് ഉത്തരേന്ത്യ. ഡൽഹിയിൽ 41 വർഷത്തെ റെക്കാർഡ് തകർത്താണ് കാലവർഷം പെയ്‌തിറങ്ങിയത്. 153 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ ലഭിച്ചത്. 1982നുശേഷം ആദ്യമായാണ് ഇത്രയും വലിയ മഴ ലഭിക്കുന്നതെന്ന് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു.

ഡൽഹി

ഉഷ്‌ണമേഖലാ കൊടുങ്കാറ്റും മൺസൂൺ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണം. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ അണ്ടർപാസുകളിലും ചന്തകളിലും ആശുപത്രികളിലും വെള്ളം കയറി. റോഡുകളിലൂടെ മുട്ടറ്റം വെള്ളത്തിൽ ആളുകൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഹിമാചൽ പ്രദേശ്

കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേരാണ് ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണപ്പെട്ടത്. ഷിംലയിൽ മൂന്നുപേരും, ചമ്പയിലും കുളുവിലും ഓരോരുത്തർ വീതവും മരിച്ചു.

പുഴകൾ അപകട രേഖ കവിഞ്ഞൊഴുകുകയാണ്. നിരവധി എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് യൂണിറ്റുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണാലിയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി മെറ്റീരിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മാണ്ടി- കുളു ദേശീയപാത അടച്ചു. പാലം ഒലിച്ചുപോയി. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ഉരുൾപൊട്ടൽ ഭീഷണി ഉള്ളതിനാൽ കുളുവിൽ നിന്നും മണാലിയിൽ നിന്നുമുള്ള യാത്രകൾ നിരോധിച്ചു.

ജമ്മു-കാശ്‌മീർ

ഝലം നദി കരകവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തിനുള്ള അതേ അളവിലാണ് നദികൾ നിറഞ്ഞൊഴുകുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം അമർനാഥ് യാത്ര താത്‌കാലികമായി നിർത്തിവച്ചു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ

മൂന്ന് സംസ്ഥാനങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വീടുകളിൽ വെള്ളം കയറി. രാജസ്ഥാനിൽ കനത്ത മഴയിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ രണ്ടുപേർ മിന്നലേറ്റും രണ്ടുപേർ ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here