മുംബയ്: എൻസിപി അജിത് പവാർ വിഭാഗത്തിനെ ഉൾപ്പെടുത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസിപ്പിച്ചു. എൻസിപിയിൽ നിന്ന് വിമത നീക്കത്തിലൂടെ ബിജെപി-ശിവസേന സർക്കാരിന്റെ ഭാഗമായ അജിത് പവാറിനും മറ്റ് എട്ട് എംഎൽഎമാർക്കും പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം വീതിച്ച് നൽകുകയായിരുന്നു.

ജൂലായ് രണ്ടിന് അജിത് പവാർ പക്ഷം സർക്കാരിന്റെ ഭാഗമായെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം ലഭിച്ചെങ്കിലും ഏക്നാഥ് ഷിൻഡേ വിഭാഗത്തിന്റെ കടുത്ത വിയോജിപ്പ് മൂലമാണ് മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോകുന്നത് എന്ന അഭ്യൂഹം പരന്നിരുന്നു. അതിനിടയിലാണ് അജിത് പവാറിന് സുപ്രധാന വകുപ്പുകളുടെ ചുമതല നൽകികൊണ്ട് മന്ത്രിസഭ വികസിപ്പിച്ചതായുള്ള വാർത്ത പുറത്തുവന്നത്.

അജിത് പവാറിന് ധനകാര്യ, പ്ളാനിംഗ് വകുപ്പുകളുടെ ചുമതല ലഭിക്കുമെന്നാണ് വിവരം. ഛഗൻ ഭുജ്ബാലിന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പാണ് നിശ്ചയിച്ചിരിക്കുന്നത്.

•ധരംറാവുബാബ അത്രം- ഡ്രഗ് ആന്റ് അഡ്മിനിസ്ട്രേഷൻ വകുപ്പ്

•ഗിലിപ് വാൽസെ- പാട്ടിൽ സഹകരണ വകുപ്പ്

•ധനഞ്ജയ് മുണ്ടെ- കൃഷി വകുപ്പ്

•ഹസൻ മുഷ്റിഫ്- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

•അനിൽ പാട്ടിൽ- ദുരിതാശ്വാസ ദുരന്ത നിവാരണ പുനരധിവാസ വകുപ്പ്

•അതിഥി താത്ക്കറെ- വനിതാ ശിശുവികസന ക്ഷേമ വകുപ്പ്

•സഞ്ജയ് ബൻസോദെ- കായിക-യുവജനക്ഷേമ വകുപ്പ്

എന്നിങ്ങനെയാണ് അജിത് പവാർ പക്ഷത്തിനായി മന്ത്രിസഭയിൽ ചുമതല നൽകിയിരിക്കുന്നത്.

അജിത് പവാറിനും മറ്റ് എട്ട് എംഎൽഎമാർക്കും സുപ്രധാന വകുപ്പുകൾ നൽകിയതിൽ ബിജെപിയിലെയും ശിവസേനയിലെയും എംഎൽഎമാർക്ക് ഏകാഭിപ്രായമാണോ ഉള്ളത് എന്നത് സർക്കാരിന്റെ സ്ഥിരതയ്ക്ക് ഏറെ നിർണായകമാണ്. അജിത് പാവാറിന്റെ വരവോടെ മഹാരാഷ്ട്ര സർക്കാരിലെ തങ്ങളുടെ പ്രധാന്യം നഷ്ടമാകുമെന്ന ആശങ്ക നിലവിൽ മുഖ്യമന്ത്രി പദമടക്കം വഹിക്കുന്ന ശിവസേന ക്യാംപിൽ വ്യാപകമായിരുന്നു. കൂടാതെ രാഷ്ട്രീയമായി വിവിധ ധ്രുവങ്ങളിലുള്ള എൻസിപിയുമായുള്ള സഖ്യം ബിജെപി എംഎൽഎമാർക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായതാണ് വിവരം. ഷിൻഡേയ്ക്ക് ഉടനെ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വരുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here