ന്യുഡല്‍ഹി: മണിപ്പൂരിനെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു. രാജ്യസഭയും ലോക്‌സഭയും രണ്ട് മണിവരെ നിര്‍ത്തിവച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം മണിക്യം ടാഗോര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മറ്റൊരു അംഗം മനീഷ് തീവാരി ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷത്തിന് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. പ്രധാനമന്ത്രി സഭയിലെത്തി മണിപ്പൂര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണം. പ്രധാനമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന അറിയണം. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ല എന്നു ഞങ്ങള്‍ക്ക് അറിയാം. അതിനുള്ള സാധ്യതയുമില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നോട്ടുവന്ന് മണിപ്പൂരില്‍ സംഭവിച്ചതെന്താണെന്ന് രാജ്യത്തോട് പറയണം.’- ചൗധരി ആവശ്യപ്പെട്ടു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ ഈ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അംഗം രാജീവ് ശുക്ല പറഞ്ഞു.

സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ അംഗങ്ങള്‍, മണിപ്പുര്‍, ഇന്ത്യ മുദ്രാവാക്യ വിളിയുമായി രംഗത്തെത്തി. എന്നാല്‍ ഭരണപക്ഷമാകട്ടെ മോദി വിളി ഉയര്‍ത്തി. പ്രതിപക്ഷ മുദ്രാവാക്യത്തിനിടെ രാജയസഭയില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പ്രസംഗിച്ചു.

ബഹളം രൂക്ഷമായതോടെ രാജ്യസഭാ അധ്യക്ഷന് തന്നെ ക്ഷോഭിക്കേണ്ടിവന്നു. പ്രതിപക്ഷം അവരുടെ കടമ നിര്‍വഹിക്കണമെന്നും സഭാനടപടികള്‍ നടത്തിക്കൊണ്ടുപോാന്‍ ഭരണപക്ഷം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here