ന്യൂഡൽഹി: മണിപ്പുർ കലാപത്തിനിടെ 2 വനിതകളെ നഗ്നരായി നടത്തുകയും സംഘം ചേർന്നു പീഡിപ്പിക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ട് കേന്ദ്രം. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും പ്രതിപക്ഷ സഖ്യം കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചത്.

കേസിന്റെ വിചാരണ മണിപ്പുരിനു പുറത്തുനടത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. വിഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുത്തതായും വിഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സർക്കാർ അറിയിച്ചു. കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ ഏഴു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ ഒരാൾ തന്നെയാണ് വിഡിയോ പകർത്തിയതെന്നാണ് സൂചന.

മേയ് നാലിനാണ് മണിപ്പുരിലെ ബിപൈന്യം ഗ്രാമത്തിൽ ഗോത്രവർഗക്കാരായ സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീ‍ഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കൻഡ് നീളമുള്ള വിഡിയോ ഈ മാസം 19നാണ് പുറത്തുവന്നത്. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 21ന് കാംഗ്‌പോപി ജില്ലയിലെ സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനു തൊട്ടുമുൻപ് അക്രമത്തിൽനിന്നു സഹോദരിയെ സംരക്ഷിക്കാൻ ശ്രമിച്ച ഒരു പുരുഷനെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുൻ സുബേദാറായിരുന്ന കാർഗിൽ സൈനികന്റെ ഭാര്യയാണ്.

അതേസമയം, കലാപത്തിൽ മണിപ്പുരിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ചുരാചന്ദ്പുരിലുണ്ടായ ആക്രമണത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഒരാളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിൽ മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മെയ്തെയ് വിഭാഗത്തിനു പട്ടികവർഗപദവി നൽകാനുള്ള കോടതി ഉത്തരവിൽ പ്രതിഷേധിച്ചു മലയോര ജില്ലകളിൽ ആദിവാസി മാർച്ച് സംഘടിപ്പിച്ചതിനെത്തുടർന്നാണു മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here