ന്യൂഡല്‍ഹി: മണിപ്പൂരില്‍ ബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് അതിജീവിതമാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. വിചാരണ അസമിലേക്ക് മാറ്റുന്നതിലും ഇരുവരും എതിര്‍പ്പ് അറിയിച്ചു. വിചാരണ എവിടേക്ക് മാറ്റണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് അതിജീവിതമാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. മറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണമാണ് വനിതകള്‍ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിജീവിതമാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 595 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എത്ര ലൈംഗികാതിക്രമം, എത്ര തീവെയ്പ്പ് കേസ്, എത്ര കൊലപാതകം എന്നിവയില്‍ യാതൊരു വ്യക്തതയുമില്ല. ഇത് സംബന്ധിച്ച് കോടതിക്ക് മുഴുവന്‍ വിവരങ്ങളും കൈമാറണം. എത്ര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് എജിയെയും എസ്ജിയെയും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടില്ല. അത് പരിതാപകരമായ അവസ്ഥയാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികളെ മാത്രമല്ല, ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കോടതി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അതിജീവിതമാര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കമുള്ള കാര്യങ്ങളും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കോടതി സ്വമേധയെ കേസെടുക്കുകയുമുണ്ടായി. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളുടെ വീഴ്ച്ചയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here