ദില്ലി ഭരണ നിയന്ത്രണ ബില്ലിൽ രാജ്യസഭയിൽ പാസായി. നേരത്തെ ലോകസഭയിൽ ബില്ല് പാസാക്കിയിരുന്നു. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങൾക്ക് സ്ലിപ് നൽകി. എന്നാൽ വോട്ടെടുപ്പിൽ ബിൽ പാസായി. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ വിമർശനങ്ങളെയും എതിർ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്.

ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങൾ ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങളുയർത്തി. മറുപടി പ്രസംഗത്തിനായി എഴുന്നേറ്റ അമിത് ഷാ പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ചു.

സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ദില്ലി ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയിൽ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ല്. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് എഎപി. വിജിലൻസ് ഫയലുകള്‍ മറയ്ക്കാൻ ദില്ലി സർക്കാർ ശ്രമിച്ചു. ദില്ലിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നതല്ല ബില്ല്. ദില്ലിയിൽ നിയമ നിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ട്. അധികാരത്തിനായി ദില്ലി മുഖ്യമന്ത്രിമാർ ഒരു കാലത്തും കേന്ദ്രത്തോട് പോരാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here