ദില്ലി: യുപിയില്‍ അധ്യാപികയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം. കേസ് പിന്‍വലിക്കാന്‍ ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാന്‍ യൂണിയനും കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം ഉണ്ടായത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മര്‍ദ്ദനമേറ്റിരുന്നു.

അധ്യാപിക മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും ഒത്തുതീര്‍പ്പിലേക്ക് പോകണമെന്നും കിസാന്‍ യൂണിയന്‍ നേതാവ് നരേശ് ടിക്കായത്ത് ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, ഗ്രാമത്തലവനും അടുത്ത ഗ്രാമത്തിലുള്ളവരും കേസ് പിന്‍ലിക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനാല്‍ നാട്ടില്‍ തുടരാന്‍ കഴിയുമോ എന്നുള്ള ആശങ്കയും പിതാവ് പങ്കുവെക്കുന്നു.

സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കള്‍ മര്‍ദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പറയുന്നുണ്ട്. അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here