ഇന്ത്യ -കാനഡ പ്രതിസന്ധി തുടരുന്നതിനിടെ പ്രതികരണവുമായി കാനഡ പൊതു സുരക്ഷാ മന്ത്രാലയം. വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെയാണ് കാനഡയുടെ ഔദ്യോ​ഗിക പ്രതികരണം പുറത്തുവന്നത്. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആർക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായത്.

കാന‍ഡ സുരക്ഷിതമായ രാജ്യമാണ്. മറ്റു തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇന്ത്യ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച സിഖ് നേതാവടക്കമുള്ളയാളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഭീഷണിയും വെറുപ്പുമുളവാക്കുന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൊൾക്കൊന്നും രാജ്യത്ത് സ്ഥാനമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ്സും രം​ഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here