ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുമായുള്ള വാക്പോരിന് ഒടുവിൽ എഐഎഡിഎംകെ – ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കി.

അണ്ണാദുരൈയേയും ജയലളിതയേയും വരെ അധിക്ഷേപിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷനെ നിയന്ത്രിക്കാൻ കേന്ദ്ര നേതൃത്വം ഒരുക്കമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രഖ്യാപനം. രണ്ട് കോടിയിലധികം വരുന്ന പ്രവർത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനം എന്ന് നേതൃയോഗം പ്രമേയം പാസ്സാക്കി. തീരുമാനത്തിൽ പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ത്രികോണ പോരാട്ടം ഉറപ്പായി. 2019ൽ എന്‍ഡിഎ സഖ്യത്തിൽ മത്സരിച്ച പിഎംകെ, തമിഴ് മാനില കോൺഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാർട്ടിക്കളെ ഒപ്പം നിർത്താൻ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമിക്കും. ശക്തമായ തീരുമാനമെടുക്കാൻ കെല്പുള്ള നേതാവെന്ന് ഇപിഎസ് തെളിയിച്ചതായി എഐഎഡിഎംകെ അണികൾ വാദിക്കുമ്പോൾ ദേശീയ തലത്തിൽ എന്‍ഡിഎയിലെ ഏറ്റവും വലിയ സഖ്യകക്ഷിയെ നഷ്ടമാകുന്നത് ബിജെപിക്ക് ക്ഷീണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here