പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എംപിമാർക്ക് കൂട്ട സസ്പെൻഷൻ. 33 എംപിമാരെ ആദ്യം ലോക് സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യ്തു. തുടർന്ന് രാജ്യസഭയില്‍ നിന്ന് 45 എം പിമാരെ സസ്പെൻഡ് ചെയ്തു. പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയം ഇന്നും ലോക്സഭയിലും രാജ്യസഭയിലും ഉയർത്തി പ്രതിഷേധം ശക്തമാക്കിയതോടെയാണ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെയാണ് കൂട്ട നടപടി എടുത്തിരിക്കുന്നത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി.

കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരി, എൻകെ പ്രേമചന്ദ്രൻ, ഇടി മുഹമ്മദ് ബഷീർ, ആൻ്റോ ആൻ്റണി, കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഉൾപ്പടെ ഉള്ളവരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കെ സി വേണുഗോപാൽ, വി ശിവദാസൻ, ജോസ് കെ മാണി എന്നിവരടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. മൂന്ന് എംപിമാർക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ സസ്പെൻഷൻ തുടരും. ബാക്കി ഉള്ളവർക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്പെൻഷൻ.

വിഷയത്തിന് സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ലോക് സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നു.

എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ രംഗത്തെത്തി. കോൺഗ്രസ്, സി പി എം, തൃണമൂൽ കോൺഗ്രസ് പാർട്ടികളെല്ലാം എം പിമാർക്കെതിരായ സസ്പെൻഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പാർലമെന്ററി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കൂടുതൽ പ്രതിപക്ഷ എംപിമാർ സസ്പെൻഡ് ചെയ്യപ്പെടും. പാർലമെന്റിന് അകത്തുള്ള എംപിമാർ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here