പാർലമെന്റ് അം​ഗത്വം റദ്ധാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് എത്രയും വേഗം ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. ഔദ്യോഗിക വസതി ഒഴിയാൻ നൽകിയ അവസാന തീയതി ഇന്നലെ ആയിരുന്നു. എന്നാൽ മഹുവ മൊയ്ത്ര വസതി ഒഴിയാൻ കൂട്ടാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി എത്രയും വേഗം ഒഴിയാൻ എസ്റ്റേറ്റ് ഡയറക്ടറേറ്റ് മെഹുവയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മഹുവ സ്വയം ഒഴിയാത്ത പക്ഷം ബലപ്രയോഗം നടത്തി പുറത്താക്കാനും എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ആലോചനയിലുണ്ട്.

പാർലമെന്റ് അംഗം എന്ന നിലയിൽ മഹുവ മൊയ്ത്രയ്ക്ക് ഔദ്യോ​ഗിക വസതി അനുവദിച്ചിരുന്നു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവയുടെ പാർലമെന്റ് അം​ഗത്വം റദ്ദാക്കിയിരുന്നു. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്‌സ് പാനൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. ലോക്‌സഭയിൽ ഹിരാനന്ദാനിക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചതിന് പ്രതിഫലമായി കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

പാർലമെന്റ് അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി സർക്കാർ വസതിയിൽ താമസിക്കാനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചട്ടങ്ങൾ അനുസരിച്ച്, ഒരു താമസക്കാരനെ ആറ് മാസം വരെ അധികകാലം താമസിക്കാൻ അധികാരികൾക്ക് അനുവദിക്കാമെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും തീരുമാനം എസ്റ്റേറ്റ് ഡയറക്ടറേറ്റിന് എടുക്കാം. എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഈ മാസം രണ്ട് ഒഴിപ്പിക്കൽ നോട്ടീസ് മഹുവ മൊയ്ത്രയ്ക്ക് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here