ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വിന്ദര്‍ സിങ് സുഖു മന്ത്രിസഭയില്‍ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ സിങ്. വിക്രമാദിത്യ സിങിന്റെ മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭ സിങ് രാജി വെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്.

രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം എംഎല്‍എമാരുടെ സ്വരം അടിച്ചമര്‍ത്തിയെന്നും എംഎല്‍എമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിന്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനെതിരെ തുറന്നടിച്ചായിരുന്നു വിക്രമാദിത്യ സിങ്ങിന്റെ പ്രതികരണം.

‘സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല, എന്നാല്‍ ഇന്നത് വ്യക്തമായി പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സ്ഥാനത്തെയും ക്യാബിനറ്റ് ബര്‍ത്തിനെയും കുറിച്ച് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഹിമാചല്‍ പ്രദേശിലെ ജനങ്ങളുമായുള്ള ബന്ധമാണ്. എംഎല്‍എമാരെ അവഗണിക്കുകയും അവരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതാണ് കഴിഞ്ഞ ഒരു വര്‍ഷമായി നിലനിന്നിരുന്ന രീതി, ഇത് അതിന്റെ ഫലമാണ്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നത് ശരിയല്ലെന്ന് തോന്നുന്നു, അതിനാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു’, എന്നായിരുന്നു വിക്രമാദിത്യ സിങ്ങിന്റെ പ്രതികരണം. ഭാവികാര്യങ്ങള്‍ തന്റെ അനുഭാവികളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവ് വീരഭദ്ര സിങ്ങനെ അനുസ്മരിച്ച് ഒരുവേള വിക്രമാദിത്യ സിങ്ങ് വികാരാധീനനായി. ‘ആറ് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ മാള്‍റോഡില്‍ ചെറിയ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതാണ് ഈ സര്‍ക്കാര്‍ എന്റെ അന്തരിച്ച അച്ഛനോട് കാണിക്കുന്ന ബഹുമാനം. ഞങ്ങള്‍ വികാരാധീനരായ ആളുകളാണ്, ഞങ്ങള്‍ക്ക് സ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല. പക്ഷെ ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയമായിട്ടല്ല, വൈകാരികമായി എനിക്ക് വളരെ വേദനയുണ്ട്’ എന്നായിരുന്നു വിക്രമാദിത്യ സിങ്ങിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here