പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിന മുന്‍ ഗവര്‍ണറും യുഎന്നിലെ മുന്‍ അംബാസഡറുമായ ഇന്ത്യന്‍ അമേരിക്കന്‍ നിക്കി ഹേലി റിപ്പബ്ലിക്കന്‍ പ്രൈമറി മത്സരത്തില്‍ നിന്നു പിന്മാറി. മത്സരത്തില്‍ നിന്നു പിന്മാറിയെങ്കിലും ഡൊണാള്‍ഡ് ട്രംപിനെ എന്‍ഡോര്‍സ് ചെയ്യാതേയും വിജയത്തില്‍ ആശംസകള്‍ അറിയിച്ചുമാണ് തന്റെ പിന്‍വാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.സൂപ്പര്‍ ട്യുസ്ഡേ പ്രൈമറികളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കിയതോടെ ഹേലി പിന്മാറാന്‍ തീരുമാനം എടുക്കുകയായിരുന്നു.

ഇതോടെ ഇലക്ഷന്‍ രംഗത്ത് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. ട്രംപ് ഇതിനകം 995 ഡെലിഗേറ്റുകളെ നേടിയപ്പോള്‍ ഹേലിക്ക് 89 മാത്രമാണ് ലഭിച്ചത്. നാമനിര്‍ദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം. തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തേണ്ട സമയമായെന്ന് ബുധനാഴ്ച രാവിലെ ഒരു പ്രസംഗത്തില്‍ ഹേലി പറഞ്ഞു. പാര്‍ട്ടിയിലും പുറത്തും തന്നെ പിന്തുണയ്ക്കാത്തവരുടെ വോട്ട് നേടേണ്ടത് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഹേലി പറഞ്ഞു.

ഇതോടെ 2020 ആവര്‍ത്തിച്ചു കൊണ്ട് ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടുന്നതിനുള്ള സാധ്യത വര്‍ധിച്ചു. ജൂലൈയില്‍ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ ട്രംപിനെയും (77) ഓഗസ്റ്റില്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ ബൈഡനെയും (81) സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കും. നിരവധി കേസുകള്‍ നേരിടുന്ന ട്രംപിനു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്ന വാദം റിപ്പബ്ലിക്കന്‍ അടിസ്ഥാന വോട്ടര്‍മാര്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല ട്രംപിന്റെ പാര്‍ട്ടിയിലെ അടിത്തറ ഭദ്രമായിരിക്കുന്നു.

ഹേലിയുടെ പിന്മാറ്റത്തോടെ ട്രംപിനു പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാന്‍ സമയം കിട്ടും. ട്രംപ് ഡിബേറ്റുകളില്‍ നിന്നു മാറി നിന്നപ്പോള്‍ ഹേലി വേദിയില്‍ മിന്നിത്തിളങ്ങി ട്രംപ് വിരുദ്ധ പക്ഷത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അങ്ങിനെയാണ് അവര്‍ക്കു ധനസമാഹരണവും എളുപ്പമായത്. മൊത്തത്തില്‍, ഹേലിയുടെ നെറ്റ്വര്‍ക്ക് പരസ്യങ്ങള്‍ക്കായി ഏകദേശം 82 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. കൂടാതെ, അമേരിക്കന്‍സ് ഫോര്‍ പ്രോസ്പിരിറ്റി ആക്ഷന്‍, കോച്ച്-അലൈന്‍ ചെയ്ത സൂപ്പര്‍ പിഎസി ഹാലിയെ പിന്തുണയ്ക്കുന്ന പരസ്യങ്ങള്‍ക്കായി ഏകദേശം 8 മില്യണ്‍ ഡോളറും ചെലവഴിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here