രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനഹിതം നാളെ അറിയാം.  ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് തുടങ്ങും.  ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും.  എക്സിറ്റ് പോളുകൾ വൻവിജയം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.  295 സീറ്റ് ഉറപ്പാണെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നു. വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വാർത്താസമ്മേളനം നടത്തും.  വോട്ടെണ്ണലിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന ഇന്ത്യാ സഖ്യത്തിന്റെയും ഇതിനെതിരെ ബിജെപിയുടെയും പരാതികളിൽ കമ്മീഷൻ പ്രതികരിക്കാനിടയുണ്ട്.  ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെ നടക്കും.