പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. 60ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാഞ്ചന്‍ ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. രണ്ട് കോച്ചുകള്‍ പാളം തെറ്റി. രാവിലെ ഒന്‍പത് മണിയോടെ ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂജയ്പാല്‍ഗുരി സ്റ്റേഷനില്‍ നിന്നും ഏഴ് കിലോമീറ്ററോളം അകലെയുള്ള രംഗപാണി സ്റ്റേഷനില്‍ വച്ചാണ് ചരക്ക് ട്രെയിന്‍, കാഞ്ചന്‍ ജംഗ എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ദൗര്‍ഭാഗ്യകരമാണെന്ന് റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

സംഭവസ്ഥലത്തേക്ക് ജില്ലാ കലക്ടറും പൊലീസും ഡോക്ടര്‍മാരും ആംബുലന്‍സുമടങ്ങുന്ന സംഘം തിരിച്ചിട്ടുണ്ടെന്നും മതിയായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി എക്സില്‍ കുറിച്ചു. അഗര്‍ത്തലയില്‍ നിന്നുള്ള ട്രെയിനാണ് കാഞ്ചന്‍ ജംഗ എക്സ്പ്രസ്.