jose k maniന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ യുഡിഎഫിനെ ദുര്‍ബലമാക്കാന്‍ മോദി-അമിത്ഷാ തന്ത്രം. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒപ്പംചേര്‍ക്കാനാണ് കരുനീക്കം. അഞ്ചുവര്‍ഷത്തേക്ക് കേരളത്തില്‍ രാഷ് ട്രീയമാറ്റമൊന്നും ഉണ്ടാകില്ലെന്ന തിരിച്ചറിവ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുമുണ്ട്. ജോസ് കെ. മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി നേതൃത്വം നല്‍കുന്നത്. മാണി ഗ്രൂപ്പിനെ ബിജെപി ദേശീയ സഖ്യത്തിന്റെ ഭാഗമാക്കാമെന്ന സന്നദ്ധതയും അറിയിച്ചതായാണു വിവരം. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ പണിപ്പുരയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും. കേരളത്തിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കേന്ദ്രമന്ത്രിയെ സംസ്ഥാനത്തിനു സമ്മാനിക്കാന്‍ കേന്ദ്രനേതൃത്വം ഒരുക്കമാണ്. രാജ്യസഭയില്‍ സുരേഷ് ഗോപിയും ലോകസഭയില്‍ റിച്ചാര്‍ഡ് ഹേയും കേരളത്തില്‍ നിന്നുണ്ട്. എന്നാല്‍, ലോക്‌സഭാംഗം ജോസ് കെ. മാണി യുഡിഎഫ് വിട്ടുവന്നാല്‍ അദ്ദേഹത്തെ കേന്ദ്ര സഹമന്ത്രിയാക്കാമെന്നാണു വാഗ്ദാനം.
തെരഞ്ഞെടുപ്പിനു വളരെ മുന്‍പു തന്നെ മാണി ഗ്രൂപ്പിനെ ഒപ്പം കൊണ്ടുവരാന്‍ ബിജെപി നീക്കം നടത്തിയിരുന്നു. അന്നും ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദമാണു മുന്നോട്ടുവച്ചത്. ചില ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ ചാണ്ടി നടത്തിയ തന്ത്രപരമായ നീക്കങ്ങള്‍ മൂലം മാണിക്കു മുന്നണി വിടാനായില്ല.
kerala-modi-1_051116063137ഇടതുപക്ഷം അധികാരത്തിലെത്തുകയും ഇനിയുള്ള അഞ്ചുകൊല്ലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുകൂടുന്നതാണു മെച്ചമെന്നു മാണിയും ഒപ്പമുള്ള പലരും ചിന്തിച്ചുതുടങ്ങിയതായാണു വിവരം. എന്നാല്‍ ആറ് എംഎല്‍എമാരില്‍ എത്രപേര്‍ ഇതിനു സമ്മതം മൂളുമെന്നതാണു പ്രശ്‌നം. കോഴക്കേസില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടായതിനു ശേഷം ഉമ്മന്‍ ചാണ്ടിയുമായും കോണ്‍ഗ്രസ് നേതൃത്വവുമായും മാണി കടുത്ത നീരസത്തിലുമാണ്. മാണിയുടെയും ബിജെപിയുടെയും ദൂതന്മാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശയവിനിമയം തുടരുകയാണ്. കെ.എം. മാണി കേരളത്തിലെ എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും താത്പര്യമുണ്ടെന്നാണു റിപ്പോര്‍ട്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി പലേടത്തും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യം ഒരുക്കിയെടുക്കാനാണു ബിജെപി സഖ്യത്തിന്റെ നീക്കം. യുഡിഎഫിനെ പിളര്‍ത്താനും ദുര്‍ബലമാക്കാനും കോണ്‍ഗ്രസിനുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാനും വരുംനാളുകളില്‍ ശക്തമായ ശ്രമങ്ങളുണ്ടാകും.
അധികാരമില്ലാത്ത യുഡിഎഫിനെ വേഗത്തില്‍ തകര്‍ക്കാനാവുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.മാണി ഗ്രൂപ്പ് ഒപ്പം വരികയും ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദം നല്‍കുകയും ചെയ്താല്‍ ക്രൈസ്തവ വിഭാഗത്തിനിടയില്‍ കടന്നുകയറാനാവുമെന്നും ദേശീയതലത്തില്‍ പ്രതിച്ഛായ വളര്‍ത്താനാവുമെന്നും അവര്‍ ചിന്തിക്കുന്നു.
മാണി ഗ്രൂപ്പ് ഒപ്പം വന്നാല്‍ റബര്‍ അടക്കമുള്ളവയുടെ വിലത്തകര്‍ച്ച, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തുടങ്ങിയവയില്‍ കൂടുതല്‍ അനുകൂലമായ നിലപാടുകളെടുക്കാന്‍ കേന്ദ്രം തയാറായേക്കും. കോട്ടയം മണ്ഡലത്തിലെ ബിജെപി ബിഡിജെഎസ് വോട്ടുകളുടെ കാര്യമായ വളര്‍ച്ച അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കു വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here