vs-pinarayi.jpg.image.784.410തിരുവനന്തപുരം: ക്യൂബയില്‍ ഫിഡല്‍കാസ്‌ട്രോ ചെയ്യുംപോലെ കേരളത്തില്‍ വി.എസ്.അച്യുതാനന്ദന്‍ ഇടതുസര്‍ക്കാരിന്റെ ഉപദേശകനായി തുടരുമോ? മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാല്‍ പരിഭവം ഉള്ളിലൊതുക്കി കഴിയുന്ന വി.എസ്. അച്യുതാനന്ദന്‍ നിലപാട് മയപ്പെടുത്തുന്നുവെന്നാണ് സൂചന. ക്യാബിനറ്റ് റാങ്കോടെയുള്ള ഇടതുമുന്നണി ഉപദേശകസമിതി ചെയര്‍മാന്‍ സ്ഥാനം വിഎസ് ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് സത്യപ്രതിജ്ഞക്കെത്തുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസുമായി ചര്‍ച്ച നടത്തും.
വിഎസിനെ ഉപദേശകസമിതി ചെയര്‍മാനാക്കുന്നതിനോട് വിയോജിപ്പുള്ള ഔദ്യോഗിക നേതൃത്വവും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പുറത്തുനില്‍ക്കുന്ന വിഎസ് അകത്ത് നില്‍ക്കുന്ന വിഎസിനേക്കാള്‍ അപകടകാരിയാവുമെന്ന തിരിച്ചറിവാണ് നിലപാട് മാറ്റത്തിനു പിന്നില്‍. പിണറായിയെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തിനുശേഷം തുടര്‍ച്ചയായി വിഎസ് ദുസൂചനകളോടെ പുറത്തിറക്കുന്ന പ്രസ്താവനകള്‍ സിപിഎം കേന്ദ്രനേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. അനാരോഗ്യമില്ല, പോരാട്ടവീര്യത്തിന് ഒട്ടും കുറവുമില്ല, കാവലാളായി ജാഗരൂകനായി തലസ്ഥാനത്തുതന്നെ തുടരും പിണറായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതു മുതല്‍ പാര്‍ട്ടിക്ക് വിഎസ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെയൊക്കെയാണ്.
1436629610_1376224251_vsവന്‍ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ മുതിര്‍ന്ന് നേതാവ് അതൃപ്തനായി തുടരുന്നത് ജയത്തിന്റെ ശോഭ കെടുത്തുമെന്ന വിമര്‍ശനം സിപിഎമ്മിനുള്ളിലും ശക്തമാണ്. ബദല്‍ പദവികളൊന്നും സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും വിഎസിന് മേല്‍ ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ട്. ഫലം വന്നശേഷം കൈവിടില്ലെന്ന യെച്ചൂരിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് മത്സരരംഗത്തേക്കും പ്രചാരണത്തിനും വി.എസ്. ഇറങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പിണറായിയുടെ സത്യപ്രതിജ്ഞക്ക് വി.എസ്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്തും. പക്ഷെ പിണറായി ഒന്നാം നമ്പര്‍ കാറില്‍ മടങ്ങുമ്പോള്‍ വെറും മലമ്പുഴ എംഎല്‍എയായി തുടരുന്ന വിഎസിന്റെ അടുത്ത നീക്കത്തിലാണു പൊതുസമൂഹത്തിന് ആകാംക്ഷയും പാര്‍ട്ടിക്ക് ആശങ്കയും.
പദവിയില്ലാതെ തുടര്‍ന്നാല്‍ ഒറ്റയാള്‍ പോരാട്ടം എത്രനാള്‍ തുടരാനാകും എന്ന ചോദ്യമാണ് വിഎസിനെ അലട്ടുന്നത്. ക്യാബിനറ്റ് പദവിയുള്ള ചുമതല ലഭിക്കുകയാണെങ്കില്‍ ഒപ്പമുണ്ടായിരുന്ന സ്റ്റാഫുകളെ കൂടെ നിര്‍ത്താം എന്ന കണക്കുക്കൂട്ടല്‍ വിഎസിനുണ്ട്. എന്നാല്‍ വിഎസിന് ക്യാബിനറ്റ് പദവി നല്‍കിയാല്‍ ഇതില്‍ നിബന്ധന വയ്ക്കണമെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ മനസ്സിലിരുപ്പ്. ഇതിനിടെ അവസാന ശ്വാസംവരെ പൊരുതുമെന്ന ഫേസ്ബുക്ക് പോസ്റ്റിനും താന്‍ ആരോഗ്യവാനാണെന്ന പ്രസ്താവനയ്ക്കും പിന്നാലെ ഇന്നലെ വിഎസ് വീണ്ടും ഉപദേശം ചൊരിഞ്ഞു. വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്നുമായിരുന്നു വിവാദ ട്വീറ്റ്. ഇതിനെതിരെ നമ്മള്‍ ജാഗരൂകരായിരിക്കും എന്നും വിഎസ് കുറിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകനായി താന്‍ ഉണ്ടാകും എന്ന ഭീഷണി തന്നെയാണ് വിഎസ് ട്വീറ്റിലൂടെ ഉപദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here