mani-06.jpg.image.485.345കൊച്ചി:മലയാളികളുടെ പ്രീയപ്പെട്ട കലാഭവന്‍ മണിയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മെഡിക്കല്‍ സംഘം. മണിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച രാസപരിശോധനകളുടെ അടിസ്ഥാനത്തിലാണ് മരണം സ്വഭാവികമായി ഉണ്ടായതല്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെയാണ് താരത്തിന്റെ മരണം സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കിയത്. കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്നും ഇവയാകാം മരണകാരണമായതെന്നുമാണ് മെഡിക്കല്‍ സംഘം പറയുന്നത്. ബിയര്‍ കഴിച്ചതില്‍ നിന്നാണ് മെഥനോള്‍ മണിയുടെ ശരീരത്തില്‍ എത്തിയതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ബിയറില്‍ ഉള്ളതിനേക്കാള്‍ അളവിലുള്ള മെഥനോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായും കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ വ്യക്തമായി.

മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തളളുകയും ചെയ്തിരുന്നു. എന്നാല്‍, വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കരള്‍ രോഗമുണ്ടായിരുന്നതിനാല്‍ ബിയര്‍ കഴിച്ചപ്പോള്‍ ശരീരത്തിലെത്തിയതാകാം മെഥനോളെന്നായിരുന്നു പൊലീസിന്റെ നിഗമനം. അത് മരണകാരണമാകാവുന്ന അളവിലുണ്ടായിരിക്കില്ലെന്നും അവര്‍ വിലയിരുത്തിയിരുന്നു. ഇതു സംബന്ധിച്ച് പൂര്‍ണ്ണ നിഗമനത്തിലെത്തുന്നതിനുവേണ്ടി ഹൈദരാബാദിലെയും കാക്കനാട്ടിലെയും ലാബുകളിലെ പരിശോധന ഫലം വിദഗ്ധ മെഡിക്കല്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോള്‍ മരണകാരണമാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. മണിയുടെ ആരോഗ്യസ്ഥിതിയും രോഗലക്ഷണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലേക്ക് മെഡിക്കല്‍ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് ആറിനാണു കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാടി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത ഏറെപ്പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സിബിഐക്കു വിട്ടിരുന്നു. മണിയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നിത്.

LEAVE A REPLY

Please enter your comment!
Please enter your name here