jisha-murder-1.jpg.image.784.410കൊച്ചി: അഴിയാക്കുരുക്കാകുന്ന പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പോലീസ് അന്വേഷണം പുതിയ കഥാപാത്രങ്ങളിലേക്ക്.

അന്യസംസ്ഥാനതൊഴിലാളികള്‍ മുതല്‍ ഉന്നത രാഷ് ട്രീയനേതാവ് വരെ സംശയത്തിന്റെ മുള്‍മുനയിലായ കേസില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്. വട്ടോളിപ്പടിയിലെ ജിഷയുടെ വീട് ഇടയ്ക്കു സന്ദര്‍ശിച്ചിരുന്ന അജ്ഞാത യുവതിയെ കണ്ടെത്താനാണു നീക്കം. കൊലപാതകം നടന്ന ഏപ്രില്‍ 28ന് ഈ വീട്ടില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യവും പൊലീസ് സംശയിച്ചുതുടങ്ങി. അന്നു ജിഷ പുറത്തുപോയി വന്ന ശേഷം വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരവും തര്‍ക്കവും കേട്ടിരുന്നു. പിന്നീടു മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് വീടിനു പുറത്തു കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴിയുണ്ടെങ്കിലും അതിനു മുന്‍പുണ്ടായ തര്‍ക്കത്തില്‍ പുരുഷശബ്ദം ആരും കേട്ടിട്ടില്ല. വീടിനുള്ളില്‍ ജിഷ വഴക്കുകൂടിയത് അമ്മ രാജേശ്വരിയുമായാണെന്നു തെറ്റിദ്ധരിച്ചാണ് അയല്‍വാസികളാരും ഇടപെടാത്തതെന്നു മൊഴിയുണ്ട്.
അന്നു ജിഷ വഴക്കുണ്ടാക്കിയതും ‘ഇതാണു ഞാന്‍ ആരെയും വിശ്വസിക്കാത്തത്’ എന്നു പറഞ്ഞതും വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടാണോയെന്ന് അന്വേഷണസംഘം സംശയിക്കുന്നു. അപൂര്‍വമായ പരുക്കോടെ ഏതെങ്കിലും സ്ത്രീകള്‍ ആ ദിവസങ്ങളില്‍ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ചികില്‍സ തേടിയിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി സമീപവാസികള്‍ പറയുന്ന യുവതിയെ സംബന്ധിച്ച് അമ്മ രാജേശ്വരിക്കു വ്യക്തമായ അറിവില്ല.

ഇരുചക്രവാഹനത്തിലാണു യുവതി ജിഷയുടെ വീട്ടിലെത്തിയിരുന്നത്. ജിഷയുടെ പരിചയക്കാരിയായ നൃത്തഅധ്യാപികയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ഇവര്‍ വട്ടോളിപ്പടിയില്‍ എത്തിയിട്ടില്ലെന്നാണു നിഗമനം. ജിഷയുടെ ഇടതുതോളില്‍ പിന്നില്‍ ചുരിദാര്‍ കൂട്ടി കടിച്ച ഭാഗത്തു കണ്ടെത്തിയ ഉമിനീരും നഖത്തിനടിയില്‍ നിന്നു ലഭിച്ച തൊലിയിലെ കോശങ്ങളും വാതില്‍ കൊളുത്തില്‍ കണ്ടെത്തിയ രക്തവും പുരുഷന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു കൊലപാതകം നടത്തിയതു പുരുഷനാണെന്ന് പൊലീസ് കരുതുന്നത്. എന്നാല്‍, അതിലേക്കു നയിച്ച സംഭവത്തില്‍ സ്ത്രീകള്‍ക്കു പങ്കുണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇതിനൊപ്പം, കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഇതര സംസ്ഥാനക്കാരിലേക്കു തിരിയുകയാണ്. പണം നല്‍കി ഇതര സംസ്ഥാനക്കാരനെ ഉപയോഗിച്ചു ജിഷയെ അപായപ്പെടുത്താനുള്ള സാധ്യതയും അന്വേഷിക്കുന്നു. ജിഷ ഉപയോഗിച്ചതായി സംശയിക്കുന്ന രണ്ടാമത്തെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here