കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പറയുന്ന കഥ വിശ്വാസിക്കാനാകില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ജിഷയുടെ പിതാവ് കെ.വി.പാപ്പു ആവശ്യപ്പെട്ടു. സംഭവത്തിൽ പിടിയിലായ അമീറുൽ ഇസ്‌ലാം മാത്രമല്ല സംഭവത്തിന് പിന്നിൽ. വ്യക്തിവൈരാഗ്യം മൂലമാണ് അസം സ്വദേശി മകളെ കൊലപ്പെടുത്തിയതെന്ന പൊലീസിന്റെ കഥ താൻ വിശ്വസിക്കുന്നില്ല. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം കമ്പിപ്പാരയെന്നാണു പൊലീസ് ആദ്യം പറഞ്ഞത്. ഇപ്പോൾ ആയുധം കത്തിയായി മാറിയതെങ്ങനെയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നിൽ വൻ ശക്തികളുണ്ടെന്നും ഇവരെ പിടിക്കാതെ കൊല ചെയ്‌തയാളെ മാത്രം പിടിക്കുകയാണ് ചെയ്‌തിരിക്കുന്നത്. സി.പി.എമ്മും കോൺഗ്രസും ഇക്കാര്യത്തിൽ ഒത്തു കളിക്കുകയാണെന്നും പാപ്പു ആരോപിച്ചു.തെളിവുകൾ ഓരോന്നായി നശിപ്പിച്ച പൊലീസിന്റെ നീക്കവും സംശയാസ്‌പദമാണ്. പൊലീസ് നിർദേശപ്രകാരമാണ് രാത്രിയിൽ മൃദേഹം ദഹിപ്പിച്ചതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനൊപ്പമെത്തിയാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്‌തു .പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അമീറുളിനെ ഹാജരാക്കിയത്. ഹെൽമറ്റ് ധരിപ്പിച്ച് പൊലീസ് വാനിലാണ് പ്രതിയെ കൊണ്ടുവന്നത്. റിമാന്റ് ചെയ്‌ത പ്രതിയെ കാക്കനാട് സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here