copaന്യൂജഴ്‌സി:ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായിക വിനോദമായ ഫുട്‌ബോളിന്റെ പുതിയ ആവേശമാണ് കോപ്പ അമേരിക്ക പോരാട്ടം. ഈ ആവേശപോരാട്ടത്തിലേക്ക് മലയാളികളും ഇറങ്ങിക്കഴിഞ്ഞു എന്നതിന് നേര്‍സാക്ഷ്യമാണ് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഉയര്‍ന്ന മലയാളം ബാനര്‍. ഫുട്‌ബോള്‍ മാമാങ്കങ്ങളുടെ അലയൊലിയും അതിനോടുള്ള മലയാളിയുടെ ആവേശവും ലോകമെമ്പാടും എത്തിയിരിക്കുന്നുവെന്നാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ പെറു-കൊളംബിയ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയുടെ ഒരു മൂലയില്‍ ഉയര്‍ന്ന ഫ്‌ളക്‌സ് തെളിയിച്ചത്. കൈകൊണ്ട് ഗോളടിച്ച് ബ്രസീലിനെ കോപ്പയില്‍ നിന്നും പുറത്താക്കിയ പെറുവിനോട് കാലുകൊണ്ട് ഗോളടിക്കാന്‍ കാണാന്‍ വന്ന മലയാളികളുടെ അഭ്യര്‍ത്ഥനയായിരുന്നു അത്.
ന്യൂജേഴ്‌സിയില്‍ ഷെഫ് ആയ തൃശൂര്‍ സ്വദേശി സിജീഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു മലയാളി ആവേശമായി ഗ്യാലറിയില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ കായികപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സ്‌പോര്‍ട്‌സ് പാരഡൈസോ ക്ലബിന്റെയും ബാഴ്‌സലോണ ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ കുലെസ് കേരളയുടേയും പ്രതിനിധികളായി എത്തിയവരായിരുന്നു ഇവര്‍. അമേരിക്കയില്‍ വിദ്യാര്‍ത്ഥികളായ പാലക്കാട് സ്വദേശിനി അപര്‍ണ, കാസര്‍കോഡ് സ്വദേശി ദീപക്, തിരുവനന്തപുരം സ്വദേശി അനീഷ് എന്നിവരായിരുന്നു സിജീഷിനൊപ്പമുണ്ടായിരുന്ന മറ്റ് മലയാളികള്‍. ഫ് ളക്‌സിലെ പരിചയമില്ലാത്ത ഭാഷ കണ്ട് ചുറ്റിലുമുണ്ടായിരുന്ന കൊളംബിയന്‍ ആരാധകര്‍ ആദ്യം നെറ്റിചുളിച്ചെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ഒപ്പം കൂടിയെന്ന് സിജീഷ് പറഞ്ഞു. മത്സരത്തില്‍ കൊളംബിയെ പിന്തുണയ്ക്കണമെന്നായിരുന്നത്രെ അവരുടെ ആവശ്യം. പെറുവിനേക്കാള്‍ കൊളംബിയയ്ക്ക് ആയിരുന്നു ഗ്യാലറിയില്‍ ആരാധകര്‍.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ എല്ലാവരുടേയും ആവേശം അണപ്പൊട്ടി. കൊളംബിയന്‍ ആരാധകര്‍ക്കൊപ്പം വിജയം ആഘോഷിച്ചാണ് മടങ്ങിയതെന്നും സിജീഷ് പറയുന്നു. ഗ്യാലറിയിലെ ആവേശം ഒട്ടു ചോര്‍ത്താതെ ചിത്രങ്ങളായി സ്‌പോര്‍ട്‌സ് പാരഡൈസോ ക്ലബിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പങ്കുവെക്കാനും മറന്നിട്ടില്ല നാലംഗ മലയാളി സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here