ഡമാസ്കസ് ∙ സിറിയൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ജൻമനാട്ടിൽ ചാവേറാക്രമണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉൾപ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ് ബാവ.

പാത്രിയാർക്കീസ് ബാവയുടെ ജൻമനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയിൽ 1915 ലെ സെയ്ഫോ കൂട്ടക്കൊലയിൽ മരിച്ചവരെ അനുസ്മരിക്കാൻ ചേർന്ന പ്രാർത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാർത്ഥനയ്ക്കു നേതൃത്വം നൽകുകയായിരുന്നു പാത്രിയീർക്കീസ് ബാവ. ശരീരത്തിൽ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാർക്കീസ് ബാവയെ വധിക്കാൻ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താൻ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുൻപു തന്നെ ചാവേർ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേർക്കു ഗുരുതരമായും പരുക്കേറ്റു. പാത്രിയാർക്കീസ് ബാവയ്ക്കു പരുക്കില്ല. വടക്കു കിഴക്കൻ സിറയയിൽ ജനാധിപത്യ ഭരണകൂടത്തെ പിൻതുണയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവർ. കുർദ്–അറബ് സേനയുമായും ഇവർ സഹകരിച്ചാണു പ്രവർത്തിക്കുന്നത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here