ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ ഒഴിവാക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളായ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിച്ചാൽ ഉടൻ പാസ്‌പോർട്ട് ലഭ്യമാകുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷക്കാലത്തെ മോദി സർക്കാരിന്റെ വിദേശ നയത്തിലെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമ.

ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾക്കൊപ്പം പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷിച്ചാൽ പൊലീസ് വെരിഫിക്കേഷന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും. നിലവിൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് വേണ്ട പൊലീസ് വെരിഫിക്കേഷന്റെ നടപടികൾക്ക് കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. പ്രധാന നഗരങ്ങളിൽ പൊലീസ് വെരിഫിക്കേഷനു വേണ്ടി 10 മുതൽ 15 ദിവസം വരെ സമയമെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നഗരങ്ങൾക്ക് വെളിയിലാണെങ്കിൽ ഇതിന് 20 മുതൽ 30 വരെ ദിവസം വരെ സമയമെടുക്കും. മാത്രവുമല്ല പൊലീസ് വെരിഫിക്കേഷന് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചു വാങ്ങുന്നതായും പരാതിയുണ്ട്.

ഇത്തരത്തിൽ നിരവിധി പരാതികൾ ലഭിച്ചതിനാൽ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 98 ലക്ഷം പാസ്‌പോർട്ടുകൾ അനുവദിച്ചതായും അവർ കൂട്ടിച്ചേർത്തു. പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള അപേക്ഷയും രേഖകളുടെ സമർപ്പണവും ഓൺലൈനായി ചെയ്യാൻ സാധിക്കുമെങ്കിലും പൊലീസ് വെരിഫിക്കേഷൻ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് നടക്കുന്നത്. ഓരോ സ്റ്‌റേഷനിലെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നൽകുന്ന റിപ്പോർട്ട് പരിഗണിച്ചാണ് പാസ്‌പോർട്ട് അനുവദിക്കുന്നത്. ഈവ വർഷത്തിന്റെ തുടക്കത്തിൽ പൊലീസ് വെരിഫിക്കേഷന്റെ നടപടികളും ഓൺലൈൻ വഴിയാക്കിയത് വിജയകരമായിരുന്നു. അവിടെ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള സമയം 10 ദിവസമായി ചുരുക്കാൻ കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. .

LEAVE A REPLY

Please enter your comment!
Please enter your name here