വാഷിംഗ്ടണ്‍:ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന മൂന്ന് വയസുകാരിയെ കണ്ട് ആദ്യം ചിരിച്ചെങ്കിലും കാര്യം അറിഞ്ഞതോടെ അമ്മയുടെ ഹൃദയം പിടഞ്ഞു. കാര്യമറിഞ്ഞപ്പോള്‍ യുഎസിലെ മിഷിഗണിലുള്ള ഈ അമ്മ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റ് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേയാണ് ഫെയ്‌സ്ബുക്കിലൂടെ ടോയ്‌ലറ്റിലെ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്ന മൂന്നു വയസുകാരി മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ആദ്യം ഫോട്ടോയെടുക്കാനുള്ള മകളുടെ കളിതമാശയായാണ് സ്‌റ്റെയ്‌സി ആ നില്‍പ്പിനെ കണ്ടത്. എന്നാല്‍ കാര്യം അറിഞ്ഞതോടെ ഇതത്ര കളിയല്ലെന്ന് സ്റ്റെയ്‌സിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഹൃദയവേദനയോടെ ചിത്രത്തിനൊപ്പം മനസ്സില്‍ ഉയര്‍ന്ന ചിന്തകളും സ്റ്റെയ്‌സി ലോകത്തോട് പങ്കുവെച്ചത്.

നഴ്‌സറി സ്‌കൂളിലെ ഒരു മോക് ഡ്രില്ലിനായി പരിശീലിക്കുകയായിരുന്നു മകളെന്നറിഞ്ഞതോടെ അമ്മയുടെ മനസ്സില്‍ ആധി ഉയര്‍ന്നു. തോക്കുമായി ഒരാള്‍ സ്‌കൂളിലേക്ക് കടന്നാല്‍ എന്ത് ചെയ്യണമെന്ന് സ്‌കൂളില്‍ പറഞ്ഞു പഠിപ്പിച്ചത്് ഇങ്ങനെയാണത്രേ. തോക്ക് കൈയ്യിലുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വല്ലാതെ വര്‍ധിച്ച ഒരു നാട്ടില്‍ കുട്ടികളെ ഇതല്ലാതെ സ്വയരക്ഷക്ക് എന്ത് പഠിപ്പിക്കും. അതിക്രമിച്ച് ആക്രമിക്കാനൊരാള്‍ വന്നാലുടന്‍ ശുചിമുറിയില്‍ ഒളിക്കണം. കാലുകള്‍ ഡോറിലൂടെ പുറത്ത് കാണാതിരിക്കാന്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുകയും വേണം. സ്‌കൂളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശീലിച്ച് ഉറപ്പു വരുത്തുകയാണ് ആ മൂന്നു വയസുകാരി.

മകളുടെ ക്ലോസറ്റിന് മുകളിലുള്ള നില്‍പ്പ് ഭര്‍ത്താവിനെ കാണിക്കാനായാണ് സ്റ്റെയ്‌സി ഫോട്ടോയെടുത്തത്. എന്നാല്‍ ഇതറിഞ്ഞതോടെ ഫെയ്‌സ്ബുക്കില്‍ തന്റെ ചിന്തകളും ആകുലതകളും പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചു. ജൂണ്‍ 16ന് ഇട്ട പോസ്റ്റ് 25,000 അധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
തോക്ക് കൈവശം വെയ്ക്കുന്നവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറു കണക്കിന് പേരാണ് യുഎസില്‍ കൊല്ലപ്പെടുന്നത്. ഇതാണ് ഇത്തരത്തിലൊരു ഹൃദയത്തെ വേദനിപ്പിക്കുന്ന ഡ്രില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍ അധികൃതരെ നിര്‍ബന്ധിതരാക്കുന്നത്. അതിനാല്‍ തോക്ക് കൈവശം വെയ്ക്കാനും നിയന്ത്രിക്കാനുമുള്ള അനുവാദം പരിമിതപ്പെടുത്തണമെന്നും മികച്ച നിയമങ്ങളിലൂടെ അക്രമങ്ങള്‍ തടയണമെന്നും സ്റ്റെയ്‌സി ആവശ്യപ്പെടുന്നു. ഒര്‍ലാന്റോ നിശാക്ലബില്‍ 49 പേരെ തോക്കുമായെത്തിയ അക്രമി വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പോസ്‌റ്റെന്നതും ശ്രദിധേയമാണ്. 2012 ഡിസംബറില്‍ സാന്‍ഡി ഹുക്ക് ഇലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 28 പേരാണ് മരിച്ചത്. തോക്ക് കൈവശം വെക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നും സ്റ്റെയ്‌സി വെഹ്മാന്‍ പറയുന്നു.

യുഎസില്‍ ഇതുപോലെ സ്വകാര്യ വ്യക്തികള്‍ ആയുധം ഉപയോഗിച്ച് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണം 24,721 ആണ്. 6,350 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്റെ പക്കലില്ല, പക്ഷേ നമ്മുടെ കുട്ടികള്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്നത് കാണേണ്ടി വരാതിരിക്കാന്‍ നാം എന്തെങ്കിലുമൊക്കെ ചെയ്‌തേ മതിയാവൂ എന്നും സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേ പറഞ്ഞുവെക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here