തിരുവന്തപുരം: വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുന്നതിന് നിയമഭേഗതിക്ക് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്‌തെങ്കിലും പദവിക്കാര്യത്തില്‍ വി എസ് മനസ് തുറക്കാത്തത് സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കി. വി എസിനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് തീരുമാനം. മന്ത്രിസഭായോഗം ഇത് തീരുമാനിക്കുകയും അത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിക്കുകയുമാണ് ചെയ്തത്. പ്രതിഫലത്തോടുകൂടിയ ഇരട്ടപ്പദവികള്‍ വഹിക്കുന്നത് നിയമവിധേയമാക്കാന്‍ നിയമഭേദഗതി വേണമെന്നാണ് സമിതിയുടെ ശുപാര്‍ശ. നിലവില്‍ എംഎല്‍എ എന്ന നിലയില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്ന വി എസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളവും മറ്റ് സൗകര്യങ്ങളും നല്‍കണമെങ്കില്‍ ഈ ഭേഭഗതി കൂടിയേ തീരൂ.

ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ഇത് അവതരിപ്പിച്ചു പാസാക്കാനാണ് ആലോചന. അങ്ങനെയാണെങ്കില്‍ സഭാസമ്മേളന കാലത്തുതന്നെ വി എസ് പുതിയ ചുമതല ഏല്‍ക്കുകയും ചെയ്യുമെന്നാണ് സിപിഎം കരുതിയിരുന്നത്. എന്നാല്‍ പുതിയ പദവി ഏല്‍ക്കണോ എന്ന കാര്യത്തിലും ഏറ്റാല്‍ത്തന്നെ ശമ്പളം സ്വീകരിക്കണോ എന്നതിലും വി എസ് തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. രണ്ടുവട്ടം പ്രതിപക്ഷ നേതാവും ഒരു വട്ടം മുഖ്യമന്ത്രിയുമായി തുടര്‍ച്ചയായി 15 വര്‍ഷം സിപിഎം ഇടതുമുന്നണി നിയമസഭാകക്ഷി നേതാവായിരുന്ന വി എസിന് ക്യാബിനറ്റ് റാങ്കും അത് നല്‍കുന്ന സൗകര്യങ്ങളും കൂടാതെ ജീവിക്കാന്‍ വയ്യ എന്നുവരുന്നത് ഇഷ്ടപ്പെടുന്നില്ലത്രേ.

അദ്ദേഹവുമായി അടുപ്പമുള്ളവരെല്ലാം അതുതന്നെയാണ് പറയുന്നത്. എന്നിട്ടും അന്തിമമായി പദവി വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുമില്ല. അത് കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദംകൊണ്ടാണെന്നു പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. അതിന് സ്ഥിരീകരണം ലഭിച്ചിട്ടുമില്ല. പക്ഷേ, ക്യാബനറ്റ് റാങ്കും പദവിയും ഏറ്റെടുക്കാന്‍ തങ്ങളാണ് നിര്‍ബന്ധിക്കുന്നതെന്ന് പ്രചരിക്കുന്ന സാഹചര്യത്തില്‍ പുതിയ പദവി ഏറ്റെടുക്കേണ്ട എന്ന് ഇപ്പോള്‍ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെടുന്നു എന്നാണ് കേള്‍ക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ നടുവിലാണ് വി എസ്.

മുമ്പ് ഇഎംഎസും ഇ കെ നായനാരും വി ജെ തങ്കപ്പനും ഭരണപരിഷ്‌കാര കമ്മീഷന്‍
ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ക്യാബിനറ്റ് പദവി പ്രത്യേകമായി നല്‍കിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിച്ച് വലിയ വിജയം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാള്‍ എന്ന നിലയിലാണ് വി എസിന് ക്യാബിനറ്റ് പദവി നല്‍കുന്നത്. അതേസമയം, സര്‍ക്കാരിനു മുന്നില്‍ ജനങ്ങളുമായി ബന്ധപ്പെട്ട നിരവധി അടിയന്തര പ്രശ്‌നങ്ങള്‍ ഉള്ള സാഹചര്യത്തില്‍ വി എസിന്റെ പദവിക്കാര്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാതെ തീരുമാനമെടുത്ത് നടപ്പാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആഗ്രഹിക്കുന്നത് എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here