കാസര്‍കോട്: അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. ഭീകര സംഘടനയായ ഐ.എസിലേക്ക് ഇവര്‍ എത്തിപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കി. പടന്നയിലെ ഡോ. ഇഅ്ജാസ്, സഹോദരന്‍ ഷിയാസ്, ഇവരുടെ ഭാര്യമാര്‍, ബന്ധുക്കളായ അഷ്ഫാഖ്, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരാണ് രണ്ടുമാസത്തിനിടെ അപ്രത്യക്ഷരായത്.വിവിധ കാരണങ്ങള്‍ പറഞ്ഞാണ് ഇവര്‍ നാട്ടില്‍ നിന്ന് പോയത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. പടന്നയിലെ അഷ്ഫാഖ് ആണ് ആദ്യമായി നാട് വിട്ടത്.

ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നുവത്രേ. മൂന്നു മാസത്തിനു ശേഷം തിരികെ എത്തിയ യുവാവ് മറ്റുള്ളവരെ കൂടി കൊണ്ടുപോയി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും യുവാക്കള്‍ പോയിരുന്നു. ബിസിനസ് ആവശ്യം എന്നാണ് വീടുകളില്‍ പറഞ്ഞിരുന്നത്. ഇവരില്‍ നിന്ന് വീട്ടിലേക്ക് വല്ലപ്പോഴും സന്ദേശം വന്നിരുന്നതായി സൂചയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. പിന്നീട് ഒരു വിവരവുമില്ല.ഒന്നര വര്‍ഷം മുമ്പാണ് യുവാക്കളില്‍ സ്വഭാവമാറ്റം ശ്രദ്ധയില്‍ പെട്ടതെന്നു പറയുന്നു. ധാര്‍മിക പഠനം നടത്താനാണെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ടത്രേ.

നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ അകപ്പെട്ട വിപത്തിന്റെ വ്യാപ്തി ബന്ധുക്കള്‍ മനസിലാക്കുന്നത്.ഹഫീസ് അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇയാളുടെ ഭാര്യ പക്ഷേ, നാടുവിട്ടുപോകാനുള്ള പരിപാടിയും ആശയവും നിരാകരിക്കുകയായിരുന്നു. അവസാനം ലഭിച്ച സന്ദേശത്തില്‍ ഞങ്ങളെ കുറിച്ച് അന്വേഷിക്കരുതെന്നു പറഞ്ഞതായി സൂചനയുണ്ട്. ഇതിനുശേഷമാണ് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് ഇവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 

അതേസമയം സംഭവത്തില്‍ സ്ഥിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here