തിരുവനന്തപുരം: അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്കു നല്‍കിയ മുന്നറിയിപ്പ് ചില അവതാരങ്ങളെക്കുറിച്ചായിരുന്നു. തന്റെ പേര് പറഞ്ഞ് നേട്ടമുണ്ടാക്കുന്ന അവതാരങ്ങളുണ്ടാകുമെന്നും അവരെ തിരിച്ചറിയണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ അറംപറ്റുകയാണ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന അവതാരം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹാജരാകുമ്പോള്‍ അതിന്റെ ഗുണം ഒരിക്കലും സര്‍ക്കാരിന് ലഭിക്കില്ലല്ലോ?. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്റെ വക്കാലത്ത് ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ ദാമോദരന്‍ ഹാജരായതു ജനങ്ങളില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ടെന്നുമാത്രമല്ല സിപിഐഎമ്മിലും പ്രതിസന്ധിയായിരിക്കുന്നത്.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേശ സ്ഥാനത്ത് തുടരണമോ എന്ന കാര്യം ദാമോദരന്‍ സ്വയം തീരുമാനിക്കുമെന്നാണ് കരുതുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും അഭിപ്രായപ്പെട്ടു. എന്തായാലും ദാമോദരനെ കശുവണ്ടി കേസിന്റെ വക്കാലത്ത് ഏല്‍പ്പിക്കുന്നത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. പുതിയ എഫ്‌ഐആര്‍ ഇട്ടതിന് ശേഷമാണ് ദാമോദരനെ കേസ് ഏല്‍പ്പിച്ചതെന്ന് ചന്ദ്രശേഖരന്‍ തന്നെ വ്യക്തമാക്കി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു പുതിയ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്ത്. ദാമോദരനെ കേസ് ഏല്‍പ്പിച്ചത് സര്‍ക്കാരിന്റെ നിലപാടുകളെ മയപ്പെടുത്താനാണെന്ന സംശയം ബലപ്പെടുന്നതാണ് ഈ നീക്കങ്ങള്‍. ഇതോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം അലങ്കരിക്കുന്ന ദാമോദരനെ സര്‍ക്കാരിനെതിരായ കേസുകള്‍ ഏല്‍പ്പിക്കുന്ന ‘ഒരു പുതിയ പ്രവണതയ്ക്ക’ തുടക്കമായിരിക്കുകയാണ്.

അതേസമയം സ്വന്തം ഉപദേഷ്ടാവിന്റെ ഓഫിസ് അഴിമതിക്കേസില്‍ പ്രതിക്കു വേണ്ടി സര്‍ക്കാരിനെതിരായി ഹാജാരാകുമ്പോള്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി തുടരുകയും ചെയ്യുന്നു. മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു വാര്‍ത്താസമ്മേളനം കൂടി ഇല്ലാതായതോടെ ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിയോടു പ്രതികരണം ചോദിക്കാനുള്ള അവസരവും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതായി. മുഖ്യമന്ത്രി പോകുന്നതും വരുന്നതുമായ വഴിയില്‍ മൈക്കുമായി കാത്തുനിന്നാല്‍ ചിലപ്പോള്‍ ഒരു ‘ബൈറ്റ്’ കിട്ടിയാലായി, ഇല്ലെങ്കില്‍ ഇല്ല എന്നതാണ് അവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here