തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് ശ്രമമാരംഭിച്ചിരിക്കേ നിലനില്‍പ്പിനായി നേതാക്കളുടെ ഗ്രൂപ്പ് പോരും ശക്തമായി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ പദവിയില്‍നിന്ന് മാറ്റണമെന്ന എഐ ഗ്രൂപ്പുകളുടെ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണിത്. നിലനില്‍പ്പിന്റെ ഭാഗമായി കെ. മുരളീധരന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പിളര്‍ത്താന്‍ നീക്കം നടത്തുന്നതായാണ് സൂചന. കരുണാകര വികാരമുണര്‍ത്തി പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് മുരളീധരന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. കൂടെയുള്ളവരെ സംരക്ഷിക്കാത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഗ്രൂപ്പിനുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മുന്‍കാല ഐ ഗ്രൂപ്പ് നേതാക്കളെ കൂടാതെ വയലാര്‍ രവി, പി.സി ചാക്കോ തുടങ്ങിയവരുടെ രഹസ്യപിന്തുണയും പുതിയ നീക്കത്തിനു പിന്നിലുണ്ട്. കെ.കരുണാകരനും മുരളീധരനും പാര്‍ട്ടിവിട്ട സമയത്തായിരുന്നു ഐ ഗ്രൂപ്പ് ഇല്ലാതായത്. തുടര്‍ന്ന് മൂന്നാം ഗ്രൂപ്പ് നേതാവായിരുന്ന ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ വിഭാഗം രൂപംകൊള്ളുകയായിരുന്നു.
ഐ ഗ്രൂപ്പ് നേതാക്കളായ പി.പി തങ്കച്ചന്‍, കടവൂര്‍ ശിവദാസന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു വിശാല ഐ ഗ്രൂപ്പ്. എന്നാല്‍ പിന്നീട് കെ.കരുണാകരനും മുരളീധരനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഐ ഗ്രൂപ്പുനേതാക്കളെല്ലാം അദ്ദേഹത്തിനൊപ്പം പോകാതെ വിശാല ഐയില്‍ നിലകൊള്ളുകയായിരുന്നു. തുടര്‍ന്ന് മുരളീധരന്‍ ചെന്നിത്തലയോടൊപ്പം കൂടുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതാവാകാനുള്ള മുരളീധരന്റെ നീക്കത്തിനു ചെന്നിത്തലയും എ ഗ്രൂപ്പും തടയിട്ടതോടെയാണ് പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാന്‍ മുരളീധരന്‍ നീക്കം തുടങ്ങിയത്. സംസ്ഥാനത്തുടനീളം ബൂത്തുതലം മുതല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും സംഘടിപ്പിക്കാനാണ് നീക്കം. ഇതിനിടെ കെ.പി.സി.സി ഭാരവാഹികളിലും ഭിന്നത പ്രകടമാണ്. ചെന്നിത്തലയുടെ വിശ്വസ്തനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശൂരനാട് രാജശേഖരന്‍ ഗ്രുപ്പ്‌വിട്ടുകഴിഞ്ഞു. അതോടൊപ്പം ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും ചെന്നിത്തലയുമായി അത്ര അടുപ്പത്തിലല്ലെന്നാണ് അറിയുന്നത്. എന്നാല്‍ മലബാര്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള കെ. സുധാകരന്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. എല്ലാംകൂടി നോക്കിയാല്‍ പുനഃസംഘടനയ്ക്കു മുമ്പേ കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് ഹൈക്കമാന്‍ഡ് എന്നതാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here