വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം സംബന്ധിച്ച് ഇതുവരെ പരസ്യമാകാത്ത രേഖകള്‍ അമേരിക്ക പുറത്തുവിട്ടു. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ലോക വ്യാപാര സമുച്ചയത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത ’28 പേജുകള്‍’ യു.എസ് കോണ്‍ഗ്രസ് പുറത്തുവിട്ടു. ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സൗദി അറേബ്യയിലെ ചിലരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നതായി ’28 പേജുകള്‍’ എന്നറിയപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സൗദിയിലെ ചില ഉന്നതരുമായി ഭീകരാക്രമണം നടത്തിയവര്‍ ബന്ധപ്പെട്ടതായും ഇവരില്‍ നിന്ന് പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. യു.എസിലുള്ള സൗദി ഉദ്യോഗസ്ഥര്‍ തീവ്രവാദ സംഘടനയായ അല്‍ ഖാഇദയുമായും മറ്റ് ഭീകരവാദ ഗ്രൂപ്പുകളുമായും ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണത്തില്‍ വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അതേസമയം, സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 11 ആക്രമണം സംബന്ധിച്ച അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും ’28 പേജുകള്‍’ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട കോണ്‍ഗ്രസ് നടപടിയെ യു.എസിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍ സൗദ് സ്വാഗതം ചെയ്തു. സൗദി ഭരണകൂടത്തിനോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ പങ്കുള്ളതായി സി.ഐ.എ, എഫ്.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. യു.എസുമായുള്ള ദീര്‍ഘകാല സൗഹൃദത്തെ അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിക്കില്ലെന്നും സൗദി അംബാസഡര്‍ വ്യക്തമാക്കി.

2001ലെ സെപ്റ്റംബര്‍ 11ന് ഭീകരാക്രമണം നടന്നതിനെ തുടര്‍ന്നാണ് 2002ല്‍ യു.എസ് കോണ്‍ഗ്രസ് സംയുക്ത അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത ’28 പേജുകളാ’ണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ’28 പേജുകള്‍’ എന്നറിയപ്പെടുന്നതെങ്കിലും യഥാര്‍ഥത്തില്‍ സി.ഐ.എ ഡയറക്ടര്‍ ജോര്‍ജ് ടെനന്റിന്റെ കുറിപ്പ് അടക്കം 29 പേജുകളാണുള്ളത്. അന്വേഷണ റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത 28 പേജുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് 2003ല്‍ യു.എസ് കോണ്‍ഗ്രസിലെ 46 സെനറ്റര്‍മാര്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന് കത്ത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here