കൊച്ചി: പിണറായി വിജയന്റെ ഭരണകാലത്ത് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളം അമ്പാടിയായിമാറുമ്പോള്‍ മഞ്ഞപ്പട്ടിനു പകരം കൃഷ്ണന്‍ ചെമ്പട്ടുടുത്തായിരിക്കും എത്തുന്നതെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനത്തെമ്പാടും സമാന്തര പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. നേരത്തെ കണ്ണൂരില്‍ മാത്രമാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാന്തര പരിപാടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കുള്ളിലും പുറത്തും ഇതേറെ ചര്‍ച്ചയായിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 24ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ ലാക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇത്തവണ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 24 ചട്ടമ്പിസ്വാമി ദിനം മുതല്‍ 28ന് അയ്യങ്കാളി ദിനം വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തുമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. ഇത്തവണ ചട്ടമ്പിസ്വാമി ജയന്തിയും ശ്രീകൃഷ്ണജയന്തിയും ഓഗസ്റ്റ് 24ന് തന്നെയാണ്. ഈ ദിവസം കേരളത്തിലെ 2000 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടത്താനാണ് ലോക്കല്‍ കമ്മിറ്റികള്‍ക്ക് സിപിഐഎം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കുട്ടികളെ തെരുവില്‍ ഇറക്കി നടത്തുന്ന ശോഭായാത്രയെ പാര്‍ട്ടി നേരത്തെ മുതല്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടി അനുഭാവികളുടെയും പാര്‍ട്ടിക്കാരുടെയും മക്കളടക്കമുളളവരെ കൂടെനിര്‍ത്തി ആഘോഷങ്ങളുടെ മറവില്‍ ആര്‍എസ്എസ് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുന്നതിനെ ചെറുക്കാനായിട്ടാണ് കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാന്തര ഘോഷയാത്രയുമായി കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയത്. ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷ സമാപനമെന്ന പേരിലായിരുന്നു അത്. ഇത്തവണയാകട്ടെ കണ്ണൂരില്‍ മാത്രം 206 കേന്ദ്രങ്ങളിലാണ് സമാന്തര ഘോഷയാത്ര നടത്തുന്നത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് അടക്കമുളളവര്‍ നടത്തുന്ന ആളെക്കൂട്ടല്‍ ശ്രമങ്ങളെ തുടക്കത്തിലെ പ്രതിരോധിക്കാനുളള നീക്കമെന്ന രീതിയിലാണ് ഇതിനെ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here