ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യചികിത്സാരംഗം പരിതാപകരമാണെന്ന് പണ്ടെയുള്ള ആരോപണമാണ്. എന്നാല്‍ ഇതിനുകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ ലോകാരോഗ്യസംഘടന നടത്തിയ ഒരു പഠനം കാരണം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 57 ശതമാനം അലോപ്പതി ഡോക്ടര്‍മാര്‍ക്കും അവശ്യമായ മെഡിക്കല്‍ യോഗ്യതയില്ലെന്നും 31 ശതമാനം പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം പോയിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ആരോഗ്യരംഗത്തെ തൊഴിലിന്റെ സ്വഭാവത്തെയും അസമത്വങ്ങളെക്കുറിച്ചുമുള്ള ലോകാരോഗ്യ സംഘടനയുടെ പഠനമാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം ഡോക്ടര്‍മാരില്‍ 77.2 ശതമാനം പേര്‍ അലോപ്പതിക്കാരും 22.8 ശതമാനം പേര്‍ ആയുര്‍വേദ, ഹോമിയോപ്പതി, യുനാനി വിഭാഗത്തില്‍പെടുന്നവരുമാണ്. അലോപ്പതി ഡോക്ടര്‍മാരില്‍ 31.4 ശതമാനം പേര്‍ കേവലം സെക്കന്ററിതല സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. 57.3 ശതമാനം പേര്‍ക്ക് മെഡിക്കല്‍ യോഗ്യത പോലുമില്ലെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്.
നഴ്‌സുമാരിലും മിഡ്‌വൈഫുമാരുടെയും കൂട്ടത്തില്‍ 67.1 ശതമാനം പേര്‍ക്ക് സെക്കന്ററിതലം വരെയുള്ള വിദ്യാഭ്യാസം മാത്രമേയുള്ളൂ. രാജ്യത്തെ 73 ജില്ലകളില്‍ മെഡിക്കല്‍ യോഗ്യതയുള്ള നേഴ്‌സുമാര്‍ തന്നെയില്ല. വിദ്യാഭ്യാസ – മെഡിക്കല്‍ യോഗ്യത നഗരങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് ഗ്രാമീണ മേഖലയെക്കാള്‍ കൂടുതല്‍. നഴ്‌സുമാരുടെ കാര്യം എടുക്കുകയാണെങ്കില്‍ ഏറ്റവും അധികം നേഴ്‌സുമാരുള്ള ഏഴ് ജില്ലകള്‍ കേരളത്തിലാണ്. സ്ത്രീ-പുരുഷ വ്യത്യാസങ്ങളുടെ കാര്യത്തിലും പഠനം ശ്രദ്ധേയമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 38 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍. എന്നാല്‍ ഏറ്റവുമധികം ഡോക്ടര്‍മാര്‍ പുരുഷന്‍മാരാണെങ്കിലും അവരുടെ വിദ്യാഭ്യാസം സ്ത്രീ ഡോക്ടര്‍മാരെക്കാള്‍ കുറവാണ്. ഏറ്റവുമധികം സ്ത്രീ ആരോഗ്യപ്രവര്‍ത്തകരുള്ളത് കേരളത്തിലും മേഘാലയയിലുമാണ്.
കേരളത്തില്‍ 64.5 ശതമാനവും മേഘാലയയില്‍ 64.2 ശതമാനവുമാണ്. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും ബീഹാറിലുമാണ്. ഉത്തര്‍പ്രദേശില്‍ 19.9 ശതമാനവും ബീഹാറില്‍ 22.3 ശതമാനവുമാണ്. 593 ജില്ലകള്‍ ഉള്ളതില്‍ 58 ജില്ലകളില്‍ ദന്ത ഡോക്ടര്‍മാരേയില്ല. മാത്രമല്ല, 175 ജില്ലകളില്‍ മെഡിക്കല്‍ യോഗ്യതയുള്ള ഡോക്ടര്‍മാരില്ല. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ സുധീര്‍ ആനന്ദും അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി വികേ്ടാറിയ ഫാനും ചേര്‍ന്നാണ് പഠനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here