തിരുവനന്തപുരം: കേരളം ഭരിക്കുന്നത് പിണറായി വിജയനും ജോണ്‍ ബ്രിട്ടാസും പി.എം.മനോജും പ്രഭാവര്‍മയും മന്ത്രി ഇ.പി.ജയരാജനും ചേര്‍ന്നാണെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. പിണറായി വിജയന്‍ സര്‍ക്കാരിന് രണ്ടുമാസം തികയാറാവുകയും ആദ്യ നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കുകയും ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് കോര്‍ ഗ്രൂപ്പുമായി മുഖ്യമന്ത്രി അവലോകനം നടത്തിയോടെ വ്യക്തമാകുന്നത് ഇതാണ്.

കൈരളി ടിവി എംഡിയും മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്, പ്രസ് സെക്രട്ടറിയുടെ ചുമതലയുള്ള ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ പ്രഭാവര്‍മ, ദേശാഭിമാനി ഡെപ്യൂട്ടി എഡിറ്ററും പിണറായിയുടെ മാധ്യമ ഏകോപനം വര്‍ഷങ്ങളായി നിര്‍വഹിച്ചുവരുന്ന കണ്ണൂരില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനുമായ പി എം മനോജ് എന്നിവരെക്കൂടാതെ മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ഈ അവലോകനത്തില്‍ പങ്കെടുത്തത്.

എന്നാല്‍ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇടയ്ക്കിടെ ഇത്തരം അവലോകന യോഗങ്ങള്‍ നടക്കുന്നുണ്ടെന്നും ഓരോ തവണയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും പാര്‍ട്ടിയുടെ വിവിധ നേതാക്കളും പങ്കെടുക്കുന്നുണ്ട് എന്നുമാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അനൗദ്യോഗിക വിശദീകരണം. അതേസമയം, അത്തരം അവലോകന യോഗങ്ങള്‍ക്കു പുറമേ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കോര്‍ ടീമും മാത്രം പങ്കെടുക്കുന്നതും ഗുണദോഷങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതുമായ യോഗമാണ് കഴിഞ്ഞ ദിവസം ചേര്‍ന്നതെന്നാണു വിവരം.

വിവരാവകാശ നിയമം മന്ത്രിസഭാ രേഖകള്‍ക്ക് ബാധകമല്ലാതാക്കിയതും ഇതേ തീരുമാനം കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്ത പിണറായി വിജയന്റെ സര്‍ക്കാര്‍ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുമാണ് പ്രധാനമായും ചര്‍ച്ചയായത്. പിണറായിയുടെ മുന്‍ ഫേസ്ബുക്ക് പോസ്റ്റ് പുന:പ്രസിദ്ധീകരിച്ച് മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചയാക്കുന്നത് ക്ഷീണമാണ് എന്നാണ് വിലയിരുത്തിയത്. എന്നാല്‍ വിവരാവകാശ നിയമം മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ക്ക് ബാധകമല്ലാതാക്കിയത് ഉടന്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പ്രതിവാര ക്യാബിനറ്റ് ബ്രീഫിങ് മുഖ്യമന്ത്രി നടത്താതിരിക്കുന്ന രീതി തുടരും. എന്നാല്‍ മറ്റേതെങ്കിലും മന്ത്രിയോ ചീഫ് സെക്രട്ടറിയോ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന രീതി തുടങ്ങാന്‍ ആലോചനയുണ്ടായി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. സര്‍ക്കാരിനെ അടിക്കാന്‍ കിട്ടുന്ന ഓരോ വടിയും മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സ്വാഭാവികമാണ് എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. അതില്‍ പരിഭവിച്ചിട്ടും പ്രകോപിതരായിട്ടും കാര്യമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here