തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്കു പ്രണാമങ്ങളുമായി നടി മഞ്ജു വാരിയരുടെ നാടകവേദിയിലെ അരങ്ങേറ്റം. കാവാലത്തിന്റെ നാടകക്കളരിയായ സോപാനം അവതരിപ്പിച്ച അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തില്‍ ശകുന്തളയായാണു മഞ്ജു വേദിയിലെത്തിയത്. മുഴുനീള സംസ്‌കൃത സംഭാഷണങ്ങളും ഗാനങ്ങളുമായി നാടകവേദിയിലും മഞ്ജുവിന്റെ പ്രതിഭ തെളിഞ്ഞു.ഈ നാടകത്തിന്റെ പരിശീലന ഒരുക്കങ്ങള്‍ക്കിടയിലാണു കാവാലം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വലിയ ആഗ്രഹം നിറവേറ്റാന്‍ കുടുംബാംഗങ്ങളും ശിഷ്യരും അരങ്ങിലും അണിയറയിലും ഒന്നിക്കുകയായിരുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള വേദികളില്‍ നേരത്തെ കാവാലത്തിന്റെ നേതൃത്വത്തില്‍ അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ചിരുന്നു.നാടകവേദിയിലെത്തണമെന്ന ആഗ്രഹം മഞ്ജു പ്രകടിപ്പിച്ചപ്പോള്‍ കാവാലം തന്നെയാണ് ഈ നാടകം നിര്‍ദേശിച്ചത്. തുടര്‍ന്ന്, ഒരു മാസത്തോളം കഠിനമായി പരിശീലിച്ചാണു മഞ്ജു വേദിയിലെത്തിയത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ മഞ്ജു കാവാലത്തിന്റെ തിരഞ്ഞെടുപ്പു ശരിവച്ചു. ഗിരീഷ് സോപാനമാണു ദുഷ്യന്തനെ അവതരിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖര്‍ നാടകം കാണാനെത്തിയിരുന്നു. കാവാലത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ തിരി തെളിച്ചാണു നാടകം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പുത്രന്‍ കാവാലം ശ്രീകുമാര്‍ മംഗളശ്ലോകം ചൊല്ലി.മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സിന്റെ പേരില്‍ മഞ്ജു തന്നെയാണു നാടകം നിര്‍മിച്ചത്. സ്വരലയയുടെ സഹകരണത്തോടെയാണു സോപാനം നാടകം അരങ്ങിലെത്തിച്ചത്. കാവാലത്തെപ്പോലുള്ള മഹാനായ ആചാര്യന്റെ ശിക്ഷണത്തില്‍ നാടകവേദിയില്‍ അരങ്ങേറാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു മഞ്ജു പറഞ്ഞു. ആചാര്യന്റെ മനംനിറഞ്ഞ അനുഗ്രഹമാണു പിഴവില്ലാതെ ശകന്തുളയെ അവതരിപ്പിക്കാന്‍ വഴിയൊരുക്കിയതെന്നും മഞ്ജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here