തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഇന്നലെ രാത്രിവരെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി മനസ് തുറന്നിട്ടില്ല. തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെഎം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്‍കി. ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. പരസ്യമായ വിഴുപ്പലക്കല്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയരാനിടയുണ്ട്.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിനും പ്രശ്‌നങ്ങളുണ്ട്. നേമത്തെ പരാജയം സംബന്ധിച്ച് അന്വേഷിച്ച കെപിസിസി മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ജെഡിയുവിന്റെ ആവശ്യം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജെഡിയു യോഗത്തില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസില്‍ നേതൃനിരയില്‍ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുണ്ട്. മുന്നണിയില്‍ തുടരുന്നതില്‍ ആര്‍എസ്പിയും ആശങ്ക പരസ്യമാക്കിയിരുന്നു.ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ പോലും ശക്തമായ പ്രതിഷേധം ഉയര്‍ത്താനായില്ലെന്നാണ് ഘടകക്ഷികളുടെ വിലയിരുത്തല്‍.

അതേസമയം, മാണി പങ്കെടുത്താലും തെരഞ്ഞെടുപ്പ് തോല്‍വി, ബാര്‍ കോഴക്കേസ് തുടങ്ങിയ കാര്യങ്ങളില്‍ ഒരഭിപ്രായവും യോഗത്തില്‍ പറയില്ലെന്ന് കേരള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പറഞ്ഞു. സാധാരണ ഇത്തരം വിഷയങ്ങള്‍ യുഡിഎഫ് ഉന്നതാധികാരി സമിതി യോഗങ്ങളിലാണ് ചര്‍ച്ചചെയ്യുക. ഈ യോഗങ്ങളില്‍ മാണിയുടെയും പാര്‍ടിയുടെയും നിലപാടുകള്‍ ജോയ് എബ്രഹാം ഉള്‍പ്പെടെ നേതാക്കളാണ് അവതരിപ്പിക്കാറുള്ളത്. കക്ഷിനേതാക്കളുടെ യോഗം ചേരുന്നത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ചില തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കുറുക്കുവഴിയായാണ്. ഇപ്പോള്‍ അധികാരമില്ലാത്തതിനാല്‍ ഇത്തരം യോഗത്തിന് പ്രസക്തിയില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് തോല്‍വി, ബാര്‍ കോഴക്കേസിലെ ഗൂഢാലോചന എന്നിവ ചര്‍ച്ചചെയ്യാന്‍ ആഗസ്ത് ആറിനും ഏഴിനും ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് നേതൃക്യാമ്പ് ചേരുന്നുണ്ട്. ഈ ക്യാമ്പിനുശേഷം മാത്രമേ നിലപാട് പറയൂവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here