സൂറത്ത് : ഏഴായിരം രൂപയും മൂന്നു ജോഡി വസ്ത്രവുമായി കൊച്ചിയിലെത്തിയ ധ്രവ്യയ്ക്കറിയില്ലായിരുന്നു പണം കൊണ്ട് സ്വന്തമാക്കാന്‍ കഴിയാത്ത ചിലതുണ്ടെന്ന്. എന്നാല്‍ ഒരുമാസത്തെ കൊച്ചിയിലെ ജീവിതം ധ്രവ്യയ്ക്ക് നല്‍കിയതാകട്ടെ വിലയേറിയ പാഠങ്ങളും. ഗുജറാത്തിലെ വജ്ര വ്യാപാരി സാവ്ജി ധോലാക്യയുടെ മകനാണ് ധ്രവ്യ. 1200 ജോലിക്കാര്‍ക്ക് ദീപാവലി ബോണസായി കാറും അപ്പാര്‍ട്ട്‌മെന്റുകളും സമ്മാനിച്ചുകൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ വ്യാപാരിയാണ് സാവ്ജി. എന്തും പണം കൊണ്ട് നേടിക്കൊടുക്കാന്‍ കഴിവുള്ള ഒരച്ഛന്‍ മകനെ കൊച്ചിയിലേക്ക് തന്നെ അയച്ചത് ജീവിതം പഠിക്കാന്‍ വേണ്ടിയാണ്.

ഭാഷപോലും അറിയാതെ കൊച്ചിയിലെത്തിയ ധ്രവ്യ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞ് നടന്ന ശേഷം പല ജോലികളും ചെയ്തു. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പണം ചെലവാക്കിയാല്‍ മതിയെന്ന അച്ഛന്റെ ഉപദേശവും ധ്രവ്യ ശിരസാവഹിച്ചു. പണം തീര്‍ന്നുപോകുമെന്ന് പേടിച്ച് ഭക്ഷണം പലപ്പോഴും ഒരു നേരമാക്കി.
ജൂണ്‍ 26നാണ് ധ്രവ്യ കൊച്ചിയിലേക്ക് ട്രെയ്ന്‍ കയറിയത്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആദ്യം ബേക്കറിയില്‍ ജോലി ചെയ്തു. പിന്നീട് തൂപ്പുകാരനായും വെയ്റ്ററായും ധ്രവ്യ ജോലി നോക്കി. പലപ്പോഴും തനിക്കൊപ്പം ജോലി നോക്കിയിരുന്ന സാധാരണക്കാര്‍ക്കൊപ്പം തന്നെയാണ് ധ്രവ്യ ഭക്ഷണം കഴിച്ചതും ഉറങ്ങിയതുമെല്ലാം. ഒടുവില്‍ ജീവിതം പഠിക്കാന്‍ പിതാവ് അനുവദിച്ച ഒരു മാസത്തെ സമയം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ധ്രവ്യക്ക് മനസിലായി പണത്തിനുമപ്പുറം ചിലതുണ്ടെന്ന്.

കൊച്ചിയിലെ ജീവിതത്തിനിടെ തനിക്ക് ജോലി നല്‍കിയവര്‍ക്കും താനുമായി ഭക്ഷണം പങ്കുവച്ചവര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും ധ്രവ്യ നന്ദി പറഞ്ഞു. ജീവിതത്തില്‍ സ്വായത്തമാക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പാഠവും പഠിച്ചാണ് ധ്രവ്യയുടെ മടക്കം.
അമെരിക്കയിലെ ബിസിനസ് മാനെജ്‌മെന്റ് വിദ്യാര്‍ഥിയാണ് 21 കാരനായ ധ്രവ്യ. പണത്തിന്റെ മൂല്യം തിരിച്ചറിയുക, ജീവിതത്തിനായുള്ള പോരാട്ടം കണ്ടുപഠിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മകനെ കൊച്ചിയിലേക്ക് അയച്ചതെന്ന് സാവ്ജി പറയുന്നു. കൊച്ചിയിലെ ജീവിതത്തില്‍ പണത്തിന് പലതും നേടിത്തരാന്‍ കഴിയുമെന്നും എന്നാല്‍ അനുഭവ സമ്പത്ത് പണത്തിലൂടെ സ്വന്തമാക്കാന്‍ കഴിയില്ലെന്നും മനസിലാക്കാന്‍ കഴിഞ്ഞതായി ധ്രവ്യ പറയുന്നു. ചിലത് അനുഭവങ്ങളിലൂടെ തന്നെ പഠിക്കണമെന്നും ധ്രവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here