കൊച്ചി:മുമ്പ് കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍, ചോറ്റാനിക്കര ക്ഷേത്രത്തില്‍ പുഷ്പാര്‍ച്ചന തുടങ്ങിയ വഴിപാടുകളുടെ പേരില്‍ ആരോപണവിധേയനായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരേ ഇപ്പോള്‍ വെള്ളി ഏലസ് ആരോപണവും. അന്ധവിശ്വാസത്തിനെതിരായ പാര്‍ട്ടിയാണ് സിപിഎം എന്നാണല്ലോ വയ്പ്. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് നേതാക്കളും അങ്ങനെ തന്നെ. ഏലസ്സ്, രക്ഷ, ഉറുക്ക് എന്നിവയൊക്കെ കേട്ടാല്‍ ഇവര്‍ക്ക് പരമപുച്ഛമാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്ന് വരെ പറഞ്ഞുകളയും. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമുട്ടിന് മേലെ ഏലസ്സ് കെട്ടിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണന്‍ വലതു കൈ ഉയര്‍ത്തിയപ്പോള്‍ കുപ്പായക്കൈയ്ക്കുള്ളില്‍ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടു. മാധ്യമ ക്യാമറകള്‍ അത് സൂം ചെയ്തപ്പോള്‍ കാണുന്നു ദാ ഒരു വെള്ളി ഏലസ്സ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രം എന്ന ഹാസ്യ പരിപാടി പറയുന്നു ഇത് ഏലസ്സ് തന്നെ! പാര്‍ട്ടിക്കെതിരെ അക്രമവുമായി വരുന്നവരെ കായികമായി നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ഏറെ വിവാദമായ പ്രസംഗത്തില്‍ വാക്കുകള്‍ക്ക് മൂര്‍ച്ഛ കൂട്ടാനാണ് കോടിയേരി കൈ പൊക്കിയത്. ഇനി വല്ല ആര്‍എസ്എസുകാരുടെയും ആക്രമണം ഏല്‍ക്കാതിരിക്കാന്‍ ഊതിക്കെട്ടിയതാണോ? അതോ, ബനിയന്‍ കൈയോ മറ്റോ ആണോ? തല്‍ക്കാലം കോടിയേരി വ്യക്തത വരുത്തുന്നത് വരെ കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here