തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് മാണി ഗ്രൂപ്പ് ബിജെപിയിലേക്കു പോയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന കോണ്‍ഗ്രസിനാകുമെന്ന് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പ്രവര്‍ത്തക സമിതിയംഗവും അച്ചടക്ക സമിതി അധ്യക്ഷനുമായ എ കെ ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി തന്നെ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചുവെന്നാണു വിവരം. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് അടിയന്തര യോഗം വിളിച്ചുവെങ്കിലും അതില്‍ നിന്നും മാണി വിട്ടുനിന്നതോടെ യുഡിഎഫിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരും മാണി ഗ്രൂപ്പിനെ അകറ്റുകയോ വെറുപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നതില്‍ തുല്യ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ബാര്‍ കോഴക്കേസില്‍ മാണിയെ സംരക്ഷിക്കാന്‍ ഭരണമുള്ളപ്പോള്‍ ശ്രമിക്കുകയും അതിന്റെ പേരിലുണ്ടായ ജനരോഷം ഉള്‍പ്പെടെ ഇടതുമുന്നണിക്ക് വലിയ ഭൂരിപക്ഷം കിട്ടാന്‍ സഹായകമാവുകയും ചെയ്തു. എന്നിട്ടും മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.

മാണി അഴിമതിക്കാരനാണെന്ന് തുറന്നു പറയാന്‍ സാധിക്കുന്ന തെളിവുകളുണ്ടെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കരുതായിരുന്നു. സംരക്ഷിച്ച് കൂടെ നിര്‍ത്തിയ ശേഷം ഇപ്പോള്‍ അദ്ദേഹത്തിന്റെ പഴി കേള്‍ക്കേണ്ടിവരുന്നത് വിരോധാഭാസമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയിലേക്ക് പോകാനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമമെന്ന് പരക്കേ വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെ പോയാല്‍ അത് യുഡിഎഫിനെ ബാധിക്കും. കോണ്‍ഗ്രസും മുസ്്‌ലിം ലീഗും സ്വാധീനമില്ലാത്ത ചെറുകക്ഷികളുമായി മുന്നണി മാറും. അത് ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന നേതൃത്വം മാണിയെ ഉറപ്പിച്ച കൂടെ നിര്‍ത്തണം. ഇത്രയും കാര്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിപ്പിച്ചിട്ടുള്ളത്.

കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തുടരുമെന്ന് ഉറപ്പു വരുത്താനും ബാര്‍ കോഴക്കേസിന്റെ പേരില്‍ കോണ്‍ഗ്രസുമായി കൊമ്പുകോര്‍ക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും ഇനി ശ്രമിക്കില്ലെന്ന് ഉറപ്പു വരുത്താനുമാണ് യോഗത്തിലൂടെ ശ്രമിച്ചത്. ഇക്കാര്യത്തില്‍ മാണിക്ക് ഉണ്ടായതായി മാണിയും പാര്‍ട്ടിയും പറയുന്ന അപമാനത്തിന് ക്ഷമാപണം നടത്താനും ഒരുങ്ങിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. വി എം സുധീരനുമായി വിശദമായി സംസാരിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി കര്‍ക്കശ നിര്‍ദേശങ്ങള്‍ നല്‍കിയതത്രേ. മാണി ഉന്നം വയ്ക്കുന്നത് പ്രധാനമായും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമായതിനാല്‍ അവരാണ് മാണിയെ മെരുക്കാന്‍ മുന്‍കൈ എടുക്കേണ്ടത് എന്നും സുധീരന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

എന്തായാലും തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നു മാണി വിഭാഗം വിട്ടുനിന്നത് യുഡിഎഫില്‍ കനത്ത തിരിച്ചടിയായി്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗമായിരുന്നു ഇത്. വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പാര്‍ട്ടി ചെയര്‍മാനായ കെഎം മാണി യുഡിഎഫിനെ അറിയിച്ചതെങ്കിലും തനിക്കെതിരായ ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മാണിയുടെ വിട്ടുനില്‍ക്കല്‍ എന്നാണ് കരുതുന്നത്. മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇന്ന് യോഗം വെച്ചത്. മാണി വിഭാഗത്തിലെ മറ്റൊരു മുതിര്‍ന്ന നേതാവായ പിജെ ജോസഫും തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തില്‍ നിന്നും വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here