ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് രംഗത്തെ പ്രശസ്ത കമ്പനിയായ യാഹൂവിന്റെ മുഖ്യ ബിസിനസുകള്‍ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വെറൈസണ്‍ സ്വന്തമാക്കുന്നു. 483 കോടി ഡോളര്‍ (ഏതാണ്ട് 31900 കോടി രൂപ) പണമായി നല്‍കി യാഹൂവിന്റെ ഇന്റര്‍നെറ്റ് ബിസിനസ് ഏറ്റെടുക്കുകയാണെന്ന് വെറൈസണ്‍ കമ്യൂണിക്കേഷന്‍സ് അറിയിച്ചു. ഇന്റര്‍നെറ്റ്– മാസ് മീഡിയ കമ്പനിയായ ‘എഒഎലി’നെ കഴിഞ്ഞ വര്‍ഷം 440 കോടി ഡോളര്‍ മുടക്കി സ്വന്തമാക്കിയ തങ്ങള്‍ ഡിജിറ്റല്‍ അഡ്വര്‍ടൈസിങ്, മീഡിയ ബിസിനസുകള്‍ ശക്തിപ്പെടുത്താനാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് വെറൈസണ്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രോഡക്ട് ഇന്നവേഷന്‍ വിഭാഗം പ്രസിഡന്റുമായ മാര്‍നി വാല്‍ഡന്‍ പറഞ്ഞു. യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇമെയില്‍, സെര്‍ച്ച് എന്‍ജിന്‍, മെസഞ്ജര്‍ തുടങ്ങിയവ വെറൈസണിന്റെ കൈവശമാകും. യാഹൂവിന്റെ കൈവശമുള്ള പണവും ഏഷ്യന്‍ ഇടപാടുകളായ ആലിബാബ ഗ്രൂപ്പിലെ ഓഹരി, യാഹൂ ജപ്പാനിലെ ഓഹരി തുടങ്ങിയവയും കൈമാറുന്നില്ല. യാഹൂ ഓഹരിയുടമകളുടെയും വിവിധ വിപണി നിയന്ത്രണ ഏജന്‍സികളുടെയും അംഗീകാരം ലഭിച്ചാല്‍ 2017 ആദ്യപാദത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. അതുവരെ യാഹൂ സ്വതന്ത്രമായി പ്രവര്‍ത്തിക്കും.

1994ല്‍ സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ തുടക്കമിട്ട യാഹൂ ഇന്റര്‍നെറ്റ് ലോകത്തെ ആദ്യകാല വിപ്ലവം സൃഷ്ടിച്ച പ്രമുഖ കമ്പനികളിലൊന്നാണ്. സെര്‍ച്ച് എന്‍ജിന്‍, ഇമെയില്‍, വാര്‍ത്ത, ഷോപ്പിങ് അവസരങ്ങളൊക്കെ ലോകമെങ്ങുമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആദ്യമെത്തിച്ചത് യാഹൂ ആയിരുന്നു. ഗൂഗിളുമായുള്ള മല്‍സരത്തില്‍ കാലിടറിയതോടെ തകര്‍ച്ച നേരിട്ട യാഹൂ ഏറെക്കാലമായി പുതിയ ഉടമകളെത്തേടുകയായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ ആലിബാബയിലെ ഓഹരി വിറ്റഴിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഓഹരിയുടമകളുടെ എതിര്‍പ്പുമൂലം അതു നടന്നില്ല. തുടര്‍ന്നാണു ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റ് ബിസിനസ് വില്‍ക്കാന്‍ തീരുമാനിച്ചത്. പ്രതിമാസം 100 കോടിയിലേറെപ്പേര്‍ ഇപ്പോഴും യാഹൂ ഉപയോഗിക്കുന്നുണ്ട്. ഇടപാട് ശരിയായ തീരുമാനമാണെന്നും തങ്ങളുടെ ഏഷ്യന്‍ ബിസിനസുകള്‍ക്കും മൊത്തം ഓഹരിയുടമകള്‍ക്കും ഇതു നല്ലതാണെന്നും യാഹൂ മേധാവി മരിസ മെയര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here