ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ മറ്റാരേക്കാളും യോഗ്യത ഹിലരി ക്ലിന്റനാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. അമേരിക്കയെ നയിക്കാന്‍ തന്നേക്കാളും ബില്ലിനേക്കാളും(ക്ലിന്റണ്‍) യോഗ്യത ഹിലരിക്കാണെന്നും ഒബാമ പറഞ്ഞു. ഹിലരിയെ പിന്തുണച്ചുകൊണ്ട് ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ പ്രസിഡണ്ട് ആകാന്‍ ഹിലരിയേക്കാള്‍ യോഗ്യതയുള്ള പുരുഷനോ സ്ത്രീയോ നിലവിലില്ല. എന്നേക്കാളും ബില്‍ ക്ലിന്റനേക്കാളും യോഗ്യതയുണ്ട് ഹിലരിക്ക്. എനിക്ക് നല്‍കിയ പിന്തുണ ഹിലരിക്കും നല്‍കൂ. അമേരിക്കയുടെ ഭാവിയില്‍ ഞാന്‍ മുമ്പത്തേക്കാള്‍ ഏറെ ശുഭാപ്തി വിശ്വാസമുള്ളയാളാണ്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരി. നേതാക്കള്‍ മാത്രമല്ല, ലോജനതയുടെ ഹിലരിയെ ബഹുമാനിക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിനെ തുടച്ചുനീക്കാന്‍ ഹിലരിക്ക് കഴിയും. അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ സജ്ജയാണ് ഹിലരി.

റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെയും ഒബാമ രംഗത്തെത്തി. അമേരിക്കയ്ക്ക് സ്വയം പ്രഖ്യാപിത രക്ഷാപുരുഷനെ ആവശ്യമില്ല. അമേരിക്ക മുമ്പേ തന്നെ മഹത്തരമാണ്. ട്രംപിനെ ആശ്രയിച്ചല്ല അമേരിക്കയുടെ മഹത്വം. അമേരിക്കന്‍ സൈന്യത്തെ ‘ദുരന്ത’മെന്നാണ് ട്രംപ് വിളിച്ചത്. നമ്മുടെ സൈന്യത്തെക്കുറിച്ച് ട്രംപിന് ഒന്നുമറിയില്ല. അമേരിക്ക അശക്തമാണെന്ന് ട്രംപ് കരുതുന്നു. മുദ്രാവാക്യം മാത്രമേ ട്രംപ് നല്‍കുന്നുള്ളൂ. ഭയം വിതക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടം തുണ്ടമായി വില്‍ക്കുകയാണ്.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനെ ഇന്നലെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ആദ്യവനിതയായ ഹിലരി വിജയിച്ചാല്‍ അത് മറ്റൊരു ചരിത്രം കൂടിയാകും. സ്ഥാനാര്‍ത്ഥിത്വത്തിന് 2383 വോട്ടുകള്‍ വേണ്ടപ്പോള്‍ ഹിലരിയാകട്ടെ 2838 വോട്ടുകള്‍ കരസ്ഥമാക്കി. ഹിലരിയുടെ എതിരാളിയായിരുന്ന ബേണി സാന്‍ഡേഴ്‌സിന് 1879പേരുടെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here