കൊച്ചി: സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജ് നോക്കിനടത്താന്‍ ഐടി കമ്പനികളുടെ എല്‍പ്പിക്കുന്ന പതിവ് മലയാളത്തിനും പുതുമയുള്ളതല്ല. എന്നാല്‍ ഒരു താരത്തിനു ലഭിച്ച ലൈക്കുകള്‍ അപ്പാടെ മറ്റൊരു താരത്തിനു മറിച്ചുനല്‍കാന്‍ കമ്പനി തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും?. അത്തരമൊരു തട്ടിപ്പിന്റെ കഥയാണ് പ്രശസ്ത മലയാളം പിന്നണി ഗായിക ജ്യോത്സ്‌ന സ്വന്തം അനുഭവത്തിലൂടെ പറയുന്നത്. പാട്ടുകള്‍, കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍, മകന്റെ പിറന്നാള്‍ ചിത്രങ്ങള്‍, ലഭിച്ച ബഹുമതികള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന പേജാണു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഏല്‍പിച്ചവര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ആറു ലക്ഷത്തോളം ലൈക്കുകളുള്ള പേജ് ഒരു ദിവസം പെട്ടെന്നു കാണാതായി.
ഇതേപോലെ കുറേ പേജുകള്‍ നഷ്ടപ്പെട്ടെന്നും പുതിയതു തുടങ്ങണമെന്നും സോഷ്യല്‍ മീഡിയ മാനേജര്‍ പറഞ്ഞു. ഇതില്‍ അപാകത തോന്നിയ ജ്യോത്സ്‌ന അന്വേഷണം നടത്തി ‘കള്ളന്‍മാരെ’ കണ്ടെത്തുകയായിരുന്നു. തന്റെ ഫെയ്‌സ്ബുക് പേജില്‍ എന്താണു സംഭവിച്ചതെന്നു തിരിച്ചുപിടിച്ച ഫെയ്‌സ്ബുക് പേജിലൂടെ ജ്യോത്സ്‌ന വ്യക്തമാക്കുന്നുണ്ട്. അഡ്മിനില്‍നിന്നു ജ്യോത്സ്‌നയെ ഇവര്‍ മാറ്റുകയും പേജ് കുറച്ചു ദിവസം ‘അണ്‍ പബ്‌ളിഷ്ഡ്’ ആക്കി ഒളിപ്പിക്കുകയും ചെയ്തു. എന്നിട്ടു മറ്റൊരു പേരില്‍ ഈ പേജ് തുടങ്ങാന്‍ ശ്രമിച്ചു. ആറു ലക്ഷത്തോളം ലൈക്കുള്ള ജ്യോത്സ്‌നയുടെ പേജിലെ ആരാധകരെ ഒറ്റയടിക്കു മറ്റൊരു പേജിലേക്കു മാറ്റി മറ്റൊരാള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ ജ്യോത്സ്‌ന സാങ്കേതിക കാര്യങ്ങള്‍ പഠിച്ചശേഷം സോഷ്യല്‍ മീഡിയ മാനേജരുമായി വീണ്ടും ആശയവിനിമയം നടത്തി.
കള്ളങ്ങളാണു പറയുന്നതെന്നു വ്യക്തമായതോടെ പേജ് അവരില്‍നിന്നു തിരിച്ചുപിടിക്കുകയായിരുന്നു. പണം വാങ്ങി തട്ടിപ്പു നടത്തിയ സോഷ്യല്‍ മീഡിയ മാനേജര്‍ക്കെതിെര നിയമ നടപടി സ്വീകരിക്കുമെന്നും ജ്യോത്സ്‌ന അറിയിച്ചു. രണ്ടു വര്‍ഷമായി പേജ് കൈകാര്യം ചെയ്തിരുന്ന മാനേജര്‍മാര്‍ പേജ് തുടങ്ങാന്‍ അടയ്‌ക്കേണ്ട തുക എന്നു പറഞ്ഞു തന്റെ കയ്യില്‍നിന്നു പണം വരെ വാങ്ങിയിരുന്നുവെന്നും ജ്യോത്സ്‌ന ഫെയ്‌സ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ മാനേജര്‍മാരെ ഫെയ്‌സ്ബുക് പേജ് കൈകാര്യം ചെയ്യാന്‍ ഏല്‍പിക്കാറുണ്ട്. നല്ലപോലെ പഠിച്ചതിനുശേഷമേ ഇതു ചെയ്യാവൂ എന്ന മുന്നറിയിപ്പാണു ജ്യോത്സ്‌ന നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here