തിരുവനന്തപുരം: സൗദിയില്‍ ജോലി നഷ്ടപ്പെട്ടവരിലെ മലയാളികളുടെ കാര്യങ്ങള്‍ നോക്കാന്‍ സംസ്ഥാന പ്രതിനിധിയായി പോകുന്നതിന് ന്യൂനപക്ഷ കാര്യ മന്ത്രി കെ ടി ജലീലിനെ അനുവദിക്കാതിരുന്നതിന് കേന്ദ്രസര്‍ക്കാര്‍ എന്തു മറുപടി പറയുമെന്ന് തിങ്കളാഴ്ച അറിയാം. ജലീലിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാതിരുന്നത് കോണ്‍ഗ്രസ് എം പി കെ സി വേണുഗോപാല്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴാണ് തിങ്കളാഴ്ച മറുപടി പറയുമെന്ന് അറിയിച്ചത്.

അതേസമയം, ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിച്ച് മുഖം വിവാദം ഒഴിവാക്കാനും കേന്ദ്രം ശ്രമിക്കുന്നതായി സൂചനയുണ്ട്. സംസ്ഥാന മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാറില്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുന്നതാണ് അത് എന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് കേന്ദ്രവും പറയാന്‍ പോകുന്നതെന്ന് കരുതുന്നില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അനൗദ്യോഗിക പ്രതികരണം.

കേന്ദ്രം ജലീലിന് പാസ്‌പോര്‍ട്ട് അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമുണ്ടെന്നു കരുതുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സൗദിയിലേക്ക് പോകാന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ സംസ്ഥാന മന്ത്രിയുടെ സമുദായം ഒരു കാരണമാക്കി സി പി എം രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുമോ എന്ന ആശങ്ക കേന്ദ്രത്തിനുണ്ടെന്നാണു വിവരം. അതുകൊണ്ടാണ് തീരുമാനം തിരുത്താനുള്ള സാധ്യത തെളിഞ്ഞത്. കുമ്മനത്തിന് കാര്യം മനസിലായിട്ടില്ല എന്ന് മറുപടി നല്‍കിയെങ്കിലും തന്നെവച്ച് ബി ജെ പിയും സി പി എമ്മും രാഷ്ട്രീയം കളിക്കുന്നതിനോടു ജലീലിനു യോജിപ്പില്ലെന്നാണു വിവരം. അതുകൊണ്ട് വിവാദം മുറുകുംമുമ്പേതന്നെ, മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ച് യാത്രയില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിക്കുകയാണ് ജലീല്‍ ചെയ്തത്.

എന്നാല്‍ പാസ്‌പോര്‍ട്ട് പ്രശ്‌നം സജീവ വിഷയമാക്കാനാണ് സി പി എമ്മും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇടതു സര്‍ക്കാരിലെ മന്ത്രിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ച കാര്യമായിട്ടുകൂടി കോണ്‍ഗ്രസ് എം പി അത് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കേന്ദ്ര തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് മന്ത്രി ജലീല്‍ പറയുന്നതെന്നുകൂടി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇത് പുറത്തുവന്ന പിന്നാലെയാണ് ദുരൂഹതയുണ്ടെങ്കിലും രാഷ്ട്രീയമുണ്ടെന്നു കരുതുന്നില്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

സൗദി പ്രതിസന്ധിയില്‍ കേന്ദ്രം ഒന്നും ചെയ്തില്ല എന്ന അഭിപ്രായം തങ്ങള്‍ക്കില്ല എന്നും പിണറായി പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധത്തില്‍ സൗദി പാസ്‌പോര്‍ട്ട് പ്രശ്‌നം മൂലം പുതിയ സംഘര്‍ഷം ഉണ്ടാകരുതെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. അതേസമയം, ജലീലിനു പകരം മറ്റാരെയെങ്കിലും നിര്‍ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയോ കേരളം അങ്ങനെ ആലോചിക്കുകയോ ചെയ്തിട്ടില്ല. പാര്‍ലമെന്റിലെ മറുപടിയോടെ കാര്യത്തിന് വ്യക്തത വരും എന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here